കോതമംഗലം: കോതമംഗലത്ത് ബാബൂ കോർപ്പറേഷൻ നിർമ്മിച്ച ബാംബൂ പരിശീലനകേന്ദ്രവും ബാംബൂ ബസാറും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ഈറ്റമുള മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന പ്രസ്തുത കേന്ദ്രം നൂതനമായ ഈറ്റ, മുള ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും പ്രസ്തുത വസ്തുക്കളുടെ വിപണനവും സാധ്യമാക്കുന്നു. ഈറ്റമുള ഉത്പന്നങ്ങളുടെ നൂതന പരിശീലനം നടത്തുന്നതുവഴി യുവജനങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമത്തിനായി ഡി.എ. വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതികളും കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപ ഈ വർഷം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഈറ്റ ശേഖരണ കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി നിർവഹിച്ചു. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായുള്ള വർക്ക് ഷോപ്പിലെ മെഷീനറികൾ സ്വിച്ച് ഓൺ കർമ്മം യുവജന ക്ഷേമബോർഡ് വൈസ് പ്രസിഡന്റ് എസ്. സതീഷ് നിർവഹിച്ചു. ആദ്യവില്പന ഫോറസ്‌റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് ആർ.അനിൽ കുമാർ നിർവ്വഹിച്ചു. ഈറ്റ മുള മേഖലയിലെ മികച്ച തൊഴിലാളികളെയും മികച്ച കരകൗശല വിദഗ്ദനെയും മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ ആദരിച്ചു. റിൻസ് റോയ്, ഡോ. കെ.എസ്. കൃപകുമാർ, റോയ്, കെ.കെ. ശിവൻ , ടി.കെ. മോഹനൻ, ബെനഡിക്റ്റ് വില്യം ജോൺസ്, എം.ടി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.