കൊച്ചി: ഇരുപത് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കാസർകോട്ടെ ഫാഷൻ ഗോൾഡ് ഉടമകളുടെ 19.60 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ചെയർമാൻ എം.സി.കമറുദ്ദീൻ, മാനേജിംഗ് ഡയറക്‌ടർ ടി.കെ.പൂക്കോയ തങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ ഭൂസ്വത്താണ് കണ്ടുകെട്ടിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ തുടർച്ചയായാണ് കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചശേഷം ഡയറക്‌ടർമാരും ഓഹരിയുടമകളും സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായി ഇ.ഡി കോഴിക്കോട് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വഞ്ചിക്കണമെന്ന ബോധപൂർവമായ ലക്ഷ്യത്തോടെയാണ് പണം വാങ്ങിയത്. പ്രവാസി മലയാളികളാണ് കബളിപ്പിക്കപ്പെട്ടതിലേറെയും. നിക്ഷേപമായി സ്വീകരിച്ച തുക ഉപയോഗിച്ച് ഡയറക്ടർമാരും ഓഹരിയുടമകളും സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങി. തുടർന്ന് ഇവ മറ്റുള്ളവരുടെ പേരുകളിലേക്ക് മാറ്റിയതായും ഇ.ഡി കണ്ടെത്തി.മുസ്ളീം ലീഗ് നേതാക്കൾ കൂടിയായിരുന്ന പ്രതികൾ 2006ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്നപേരിൽ ആരംഭിച്ച കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. പാർട്ടി ഇടപെട്ടിട്ടും തുക തിരിച്ചുകിട്ടാത്തതിനാലാണ് നിക്ഷേപകർ പരാതി നൽകിയത്.