iringole

പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ ചൂരൽമല, മുണ്ടക്കൈ ദുരന്തഭൂമി കളിമണ്ണിൽ തീർത്ത് ഇരിങ്ങോൾ സ്കൂളിലെ വിദ്യാർത്ഥികൾ. തകർന്നടിഞ്ഞ റോഡുകളും മണ്ണിനടിയിൽപ്പെട്ട വെള്ളാർമല വി.എച്ച്.എസ് സ്കൂളും തകർന്ന പാലവും വീടുകളും കടകളും ഒലിച്ചുപോയ വാഹനങ്ങളും വീട്ടുപകരണങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമാണ് കളിമണ്ണിൽ തീർത്തത്. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും സാംസ്കാരിക വകുപ്പും ചേർന്ന് വജ്ര ജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി ഇരിങ്ങോൾ സ്കൂളിൽ നടത്തിയ ക്ലേ മോഡലിംഗ് ക്ലാസിലാണ് ശില്പകലാ അദ്ധ്യാപകനായ പി.സി. വിഷ്ണുവും റൈഹാൻ സമീർ, എം.എ. സാരംഗ്, വൈഷ്ണവ് സതീഷ്, അനന്ദു, ആദിത്യ പി. ജിതേഷ് , അഖിലേഷ് അനിൽ എന്നീ വിദ്യാർത്ഥികളും കളിമൺ ശില്പം തീർത്തത്.

സ്കൂൾ പ്രിൻസിപ്പൽ ആർ.സി. ഷിമി, ഹെഡ്മിസ്ട്രസ് പി.എസ്. മിനി, പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലിൽ, സരിത രവികുമാർ, അരുൺ പ്രശോബ്, സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി.