കൊച്ചി: രാജകുടുംബാംഗങ്ങൾക്ക് 2011 ജനുവരി മുതൽ നൽകാനുള്ള പെൻഷൻ കുടിശിക സർക്കാരിന്റെ സാമ്പത്തികസ്ഥിതി നോക്കി വിതരണം ചെയ്യുമെന്ന് സ‌ർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോടതി ഉത്തരവിട്ടിട്ടും കുടിശിക നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവ തെക്കേടത്ത് കോവിലകത്തെ ബി.എൽ. കേരളവർമ തമ്പാൻ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണിത്. 81 മാസത്തെ കുടിശികയായി 13.47 കോടി രൂപയാണ് നൽകാനുള്ളത്.

കോട്ടയം ഞാവക്കാട് രാജകുടുംബത്തിന് 2011 മുതൽ പ്രതിമാസം 3000 രൂപ വീതം പെൻഷൻ അനുവദിച്ചിരുന്നു. എന്നാൽ മറ്റ് കുടുംബങ്ങൾക്ക് അനുവദിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2017ൽ മറ്റ് കുടുംബങ്ങൾക്കും ഉയർന്ന പെൻഷൻ അനുവദിച്ച് സർക്കാർ തീരുമാനമായി. എന്നാൽ മുൻകാല പ്രാബല്യം നൽകിയില്ല. തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സീനിയർ അഭിഭാഷകൻ ജാജു ബാബു വഴി കോടതിയലക്ഷ്യഹർജി ഫയൽ ചെയ്തത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.