കൊച്ചി: തീപിടിത്തത്തിനുശേഷം വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലേക്ക് കൊച്ചി കോർപ്പറേഷൻ മാറിയെന്ന് അവകാശപ്പെടുമ്പോഴും ബ്രഹ്മപുരം മാലിന്യ നിക്ഷേപകേന്ദ്രത്തിൽ ലെഗസി വേസ്റ്റിന്റെ (കെട്ടിക്കിടക്കുന്ന മാലിന്യം) അളവ് കൂടിയതിന്റെ കാരണമാരാഞ്ഞ് പ്രതിപക്ഷം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നുലക്ഷം ടണ്ണിന്റെ വർദ്ധനവാണ് കോഴിക്കോട് എൻ.ഐ.ടി നടത്തിയ ശാസ്ത്രീയപഠനത്തിൽ കണ്ടെത്തിയത്. ബയോമൈനിംഗ് നടക്കുമ്പോഴും മാലിന്യത്തിന്റെ അളവ് കുറയുന്നതിന് പകരം കൂടിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ഇന്നലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബയോമൈനിംഗിന് ആദ്യം കരാർ നൽകുമ്പോൾ അഞ്ചുലക്ഷം ടൺ മാലിന്യം ബ്രഹ്മപുരത്തുനിന്ന് ശാസ്ത്രീയമായി നീക്കംചെയ്യേണ്ടതുണ്ടെന്നായിരുന്നു കണക്ക്. പിന്നീടാണ് തീപിടിത്തം ഉണ്ടാകുന്നത്. തുടർന്ന് പുതിയ കമ്പനിക്ക് കരാർ നൽകിയപ്പോൾ ബ്രഹ്മുപുരത്തെ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവ് ഏഴുലക്ഷംടണ്ണാണെന്ന് കണ്ടെത്തി. ഇപ്പോഴിവിടെ 8.40 ലക്ഷം ടൺ മാലിന്യമുണ്ടെന്നാണ് എൻ.ഐ,ടിയുടെ കണ്ടെത്തൽ. ഇതുവഴി 24 കോടി രൂപ കോർപ്പറേഷന് അധികബാദ്ധ്യത ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ആദ്യ കണക്കുകളെ അപേക്ഷിച്ച് കുറേക്കൂടി ശാസ്ത്രീയവും ആധികാരികമായ കണക്കാണ് ഏറ്റവും ഒടുവിലത്തേതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ആദ്യം പറഞ്ഞ കണക്കുകളെല്ലാം ഊഹക്കണക്കുകളായിരുന്നു. കോഴിക്കോട് എൻ.ഐ.ടി ശാസ്ത്രീയ പഠനത്തിലൂടെയാണ് പുതിയ കണക്കിൽ എത്തിയത്. അധികമായി വരുന്ന തുകയിൽ കേന്ദ്രഫണ്ടും സംസ്ഥാന ശുചിത്വമിഷന്റെ ധനസഹായവും കിട്ടും. ശേഷിക്കുന്ന പണം കോർപ്പറേഷൻ കണ്ടെത്തിയാൽ മതിയെന്നും മേയർ പറഞ്ഞു.
ലോക്കൽ ഏരിയ പ്ലാൻ
പൊതുഗതാഗതത്തെ അടിസ്ഥാനമാക്കി വൈറ്റില കേന്ദ്രീകരിച്ചുള്ള ലോക്കൽ ഏരിയപ്ലാൻ തയ്യാറാക്കാൻ ചീഫ് ടൗൺ പ്ലാനറെയും സിഹെഡിനെയും ഏല്പിക്കാൻ കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകി.
പ്ലാൻ തയ്യാറാക്കുന്നതിന് 33 ലക്ഷംരൂപ (ഒരുലക്ഷം കപ്പാസിറ്റി ബിൾഡിംഗ്) ഉൾപ്പെടെ അംഗീകരിച്ചു. വൈറ്റില, എളംകുളം മെട്രോ സ്റ്രേഷനുകൾ ഉൾപ്പെടുന്ന 255 ഹെക്ടർ വരുന്ന പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുക.
ഫേസ് ഒന്നായി വൈറ്റില മെട്രോസ്‌റ്റേഷനും പരിസരവും ഉൾപ്പെടുന്ന 105 ഹെക്ടറും എളംകുളം മെട്രോ സ്‌റ്റേഷനും പരിസരവും ഉൾപ്പെടുന്ന 105 ഹെക്ടർ ഫേസ് രണ്ടായുമാണ് പദ്ധതി തയ്യാറാക്കുന്നത്.