മൂവാറ്റുപുഴ: വയനാട് ദുരിത ബാധിതർക്കായി ഡി.വൈ.എഫ്.ഐ ഒരുക്കുന്ന സ്ക്രാപ് ചലഞ്ച് ധനസമാഹരണത്തിൽ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും പങ്കാളിയായി. ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ഉദ്യമത്തിലാണ് താലൂക്കിലെ ഗ്രന്ഥശാല പ്രസ്ഥാനം പങ്കാളിയായത്. ലൈബ്രറി കൗൺസിൽ ഓഫീസിൽ വർഷങ്ങളായി വരുത്തിയിരുന്ന ന്യൂസ് പേപ്പറാണ് സ്ക്രോപ് ചലഞ്ചിലേക്ക് നൽകിയത്. ലൈബ്രറി കൗൺസിൽ ഓഫിസിൽ നടന്ന ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയയിൽ നിന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ന്യൂസ് പേപ്പർ കെട്ടുകൾ സ്വീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, ജോയിന്റ് സെക്രട്ടറി കെ.കെ. അനീഷ്, എസ്.എഫ്.ഐ ഏരിയ കമ്മിറ്രി അംഗം ടോണി സാബു, ലൈബ്രറി കൗൺസിൽ ജീവനക്കാരൻ അഭിലാഷ് എം. ഡേവിഡ് എന്നിവർ പങ്കെടുത്തു.