വൈപ്പിൻ: പള്ളത്താംകുളങ്ങര ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തച്ചാട്ടുതറവീട്ടിൽ താമസിക്കുന്ന സജീഷിനെയാണ് (39) ഞാറയ്ക്കൽ പൊലീസ് അറസ്റ്റുചെയ്തത്.
പ്രതികളും ഓട്ടോഡ്രൈവറുമായുണ്ടായ വാക്കുതർക്കവും അതിനെത്തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയതിലുമുള്ള വൈരാഗ്യത്തെത്തുടർന്ന് ഇവരെ ആക്രമിക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ നെയ്യാറ്റിൻകര ഭാഗത്തുവച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, പുത്തൻവേലിക്കര എസ്.ഐ എം.എ. ബിജു, ഞാറക്കൽ സി.പി,ഒ പ്രജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.