മൂവാറ്റുപുഴ: കുഴികൾ കൊണ്ട് നിറഞ്ഞ് മൂവാറ്റുപുഴ നഗരത്തിലെ എവറസ്റ്റ് കവല - വൺവെ റോഡ് . ആറ് മാസത്തിൽ ഏറെയായി റോഡ് തകർന്നിട്ടും തിരിഞ്ഞ് നോക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും നടപടിയിൽ പ്രതിഷേധിച്ച് കുഴിയിൽ വാഴ നട്ട് നാട്ടുകാർ പ്രതിഷേധിച്ചു. വൺവേ ജംഗ്ഷനിൽ ദേശീയ പാതയിൽ നിന്ന് തിരിയുന്ന ഭാഗത്ത് വൻ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. മുളവൂർ, കോതമംഗലം, വാരപ്പെട്ടി, കാളിയാർ ഭാഗങ്ങളിൽ നിന്ന് മൂവാറ്റുപുഴക്ക് വരുന്ന വാഹനങ്ങൾ വൺവേ ജംഗ്ഷനിൽ തിരിഞ്ഞ് ഈ റോഡിലൂടെ പോകുന്ന വിധമാണ് ട്രാഫിക് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകളും ചരക്ക് ലോറികളും അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
റോഡിന്റെ തകർച്ച മൂലം വ്യാപാര കേന്ദ്രമായ കാവുംങ്കര മേഖലയിൽ ഗതാഗത കുരുക്കും അപകടങ്ങളും വർദ്ധിച്ചു. എവറസ്റ്റ് കവലയിൽ അവസാനിക്കുന്ന റോഡിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന മാർക്കറ്റ് ബസ് സ്റ്റാൻഡ് ഭാഗമാണ് ഏറെ അപകടകരം. നഗരത്തിലെ പി.ഒ മുതൽ വെള്ളൂർക്കുന്നം വരെയുള്ള തകർന്ന റോഡ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നവീകരിച്ചിരുന്നു. അപ്പോഴും ഈ റോഡ് പരിഗണിച്ചില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്ക് .
നഗരത്തിലെ തകർന്ന് കിടക്കുന്ന എവറസ്റ്റ് കവല - വൺവെ റോഡ് അടിയന്തിരമായി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം.
സി.എം. ഷുക്കൂർ
മുൻ കൗൺസിലർ