കൊച്ചി: ഫണ്ട് മുടങ്ങിയതോടെ ആശ്വാസ കിരണം പദ്ധതി അവതാളത്തിൽനിരാലംബരുടെ ആശ്രിതർക്ക് കൈത്താങ്ങായ ആശ്വാസകിരണം പദ്ധതിയിൽ പ്രതിമാസം ലഭിക്കുന്ന 600 രൂപയാണ് വിതരണം ചെയ്യുന്നത്. ഇത് മുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു.
ശയ്യാവലംബരായ രോഗികളെ സംരക്ഷിക്കുന്നതുമൂലം പുറം ജോലികൾക്ക് പോകാൻ കഴിയാത്ത പരിചാരകർക്ക് വേണ്ടിയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കിയത്.
2023-24 വർഷം ആദ്യഗഡുവായി ലഭിച്ച 15 കോടിയിൽ നിന്ന് പത്തനംതിട്ട, കോട്ടയം. ഇടുക്കി, വയനാട് കാസർകോട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2022 സെപ്തംബർ വരെയും ബാക്കി ഒമ്പത് ജില്ലകളിലെ 2022 ആഗസ്റ്റ് വരെയും കുടിശിക നൽകി. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ 19,229 പേർക്കാണ് തുക നൽകിയത്. ഇതിനുശേഷം 7,080 പേർ കൂടി ലൈഫ് സർട്ടിഫിക്കറ്റ് നൽകി. ഇവർക്ക് അടുത്ത ഫണ്ട് അനുവദിച്ചാൽ മാത്രമേ തുക ലഭിക്കൂ. നിലവിൽ 26,309 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
അപേക്ഷകൾ പരിഗണിക്കുന്നില്ല
കഴിഞ്ഞ ആറുവർഷമായി പദ്ധതിയിൽ പുതിയ അപേക്ഷകൾ പരിഗണിച്ചിട്ടില്ല. ഫണ്ടില്ലാത്തതാണ് കാരണം. ഒരുദിവസം 20 രൂപ പ്രകാരം പ്രതിമാസം 600 രൂപയാണ് നൽകുക. 2010ലാണ് പദ്ധതി ആരംഭിച്ചത്. അന്ന് 250 രൂപയായിരുന്നു. 2018-19 ൽ 1,20,301 ഗുണഭോക്താക്കൾ ഉണ്ടായിരുന്നു. നിലവിൽ 26,309 പേർ മാത്രമേയുള്ളു. ലൈഫ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരാണ് ഒഴിവാക്കപ്പെട്ടത്. ഗുണഭോക്താക്കൾ കുറഞ്ഞിട്ടും തുക അനുവദിക്കുന്നില്ല.
യോഗ്യത
അർബുദം, പക്ഷാഘാതം തുടങ്ങി മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമുള്ള വിധം കിടപ്പുരോഗികൾ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറുശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
50 കോടിക്ക് ഭരണാനുമതി
പദ്ധതിക്കായി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 50 കോടി രൂപയ്ക്ക് ഭരണാനുമാതിയായിട്ടുണ്ടെന്ന് സാമൂഹിക സുരക്ഷാ മിഷൻ അധികൃതർ അറിയിച്ചു. ഗഡുക്കളായി ലഭിക്കുന്നതിനനുസരിച്ച് തുക വിതരണം ചെയ്യാൻ സാധിക്കും. 50 കോടി അനുമതിയായതിൽ നിന്ന് കുടിശിക തീർക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ
ഗുണഭോക്താക്കൾ
2014-15- 63,544
2015-16- 72,359
2016-17- 90,251,
2017-18- 1,02,952
2018-19- 1,20,301
ഓണത്തിന് മുമ്പെങ്കിലും കുടിശിക തീർക്ക് ഫണ്ട് നൽകണം. അല്ലെങ്കിൽ വീൽചെയറിൽ കഴിയുന്നവരുൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങും.
രാജീവ് പള്ളുരുത്തി
ജനറൽ സെക്രട്ടറി
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി