
മൂവാറ്റുപുഴ: നാടൻ ഇനങ്ങൾ മുതൽ വിദേശി വരെ വീട്ടുവളപ്പിൽ കൃഷി ചെയ്ത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഇടവേളകൾ സന്തോഷകരമാക്കുകയാണ് മുൻ എം.എൽ.എ ബാബു പോൾ. പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂരിൽ കുടുംബ സ്വത്തായി ഒരേക്കർ 30 സെന്റ് സ്ഥലത്ത് വീടും പരിസരവും കഴിച്ചാൽ സർവത്ര ഇടത്തിലും കൃഷി തന്നെ.
സി.പി.ഐ സംസ്ഥാന സമിതിയിലും എ.ഐ.റ്റി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റിയിലും അംഗമായ ബാബു പോൾ രാഷ്ട്രീയ തിരക്കിനിടെയാണ് കൃഷിക്കായി സമയം മാറ്റിവയ്ക്കുന്നത്.
പച്ചപ്പിന് നടുവിൽ
ജാതിയും കമുകുമാണ് മുഖ്യകൃഷി. കൂടാതെ ഏത്തവാഴ, പാളേകോടൻ, പൂവൻ, ഞാലിപൂവൻ, ചുണ്ടില്ല കണ്ണൻ, കദളി, റോബസ്റ്റ, ചോരകദളി എന്നിവയുമുണ്ട്.
സുഗന്ധ വ്യഞ്ജനങ്ങളായ മഞ്ഞളും ഇഞ്ചിയും സമൃദ്ധം. കാലാവസ്ഥ അനുകൂലമാകുന്നതോടെ മുളക്, വെണ്ട, പയർ, തക്കാളി, കാബേജ്, വഴുതന, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ കൃഷികളുമൊപ്പമുണ്ട്. മാംഗോസ്റ്റിൻ, പാഷൻ ഫ്രൂട്ട്, റമ്പൂട്ടാൻ എന്നിവ നിറയെ വിളഞ്ഞ് നിൽക്കുന്നു. പുതുതായി സീതപഴം, മരമുന്തിരി, പീനട്ട് ബട്ടർ, അവക്കാഡോ, ചെറി, ലോഗൻ, പേര, ചെറുനാരക കൃഷിക്കും തുടക്കം കുറിച്ചു.
ആവശ്യക്കാർ ഏറെ
അടുക്കളയും വീടിന്റെ മട്ടുപാവും ഉൾപ്പെടെ കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നു. കൃഷി വിപുലപ്പെടുന്നതനുസരിച്ച് ഉല്പന്നങ്ങൾക്ക് ആവശ്യക്കാർ അധികമുണ്ട്. എറണാകുളം ജില്ല കൗൺസിൽ പ്രഥമ അദ്ധ്യക്ഷയായിരുന്ന ഭാര്യ മോളി എബ്രാഹാവും മകനും അദ്ധ്യാപകനുമായ ഗൗതമും കൃഷിയിൽ സഹായിക്കുന്നു. പഴ ചെടികളും പൂച്ചെടികളും പരിപാലിക്കാനുളള ചുമതല മോളിക്കാണ്. മകന്റെ സമയ കുറവ് കണക്കിലെടുത്ത് മത്സ്യക്കൃഷിച്ചുമതലയാണ് ഏൽപ്പിച്ചിട്ടുള്ളത്.
പുതു തലമുറയും കൃഷിയെ സ്നേഹിക്കുന്നവരാകണമെന്ന ചിന്തയിലാണ് കുടുംബാംഗങ്ങളെയും പങ്കാളിയാക്കുന്നത്. ജീവിതത്തിൽ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം.
ബാബു പോൾ