കൊച്ചി: തമ്മനം- പുല്ലേപ്പടി റോഡിന്റെ വിവിധ ഭാഗങ്ങളിൽ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതോടെ റോഡിൽ വൻഗതാഗതക്കുരുക്ക് പതിവായി. ദിവസങ്ങളോളം പെയ്ത കനത്തമഴയിൽ സ്റ്റേഡിയം ലിങ്ക് റോഡിലേക്ക് തിരിയുന്ന ഭാഗത്തും ഇതിനു തൊട്ടുമുന്നേയുള്ള കനാലിനു സമീപവുമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഇതോടെ എം.ജി റോഡിനെയും ദേശീയപാത ബൈപ്പാസിനെയും ബന്ധിപ്പിക്കുന്ന റോഡിൽ യാത്രക്കാർ വലയുകയാണ്.
മുമ്പ് മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞയിടങ്ങളിൽ അടിയന്തരമായി കുഴിയടയ്ക്കൽ നടത്തിയ സ്ഥലങ്ങളിൽത്തന്നെയാണ് ഇത്തവണയും പൊട്ടിപ്പൊളിഞ്ഞത്.
പാലാരിവട്ടം, വൈറ്റില, ബൈപ്പാസ്, തമ്മനം- പുല്ലേപ്പടി റോഡ് എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്ന ജംഗ്ഷനായ സ്‌റ്റേഡിയം ലിങ്ക് റോഡ് ജംഗ്ഷനിലുൾപ്പെടെ തകർന്നു. നാളുകളായി പലഭാഗങ്ങളിലായി തകർന്ന് കിടക്കുന്ന റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഒരുവർഷംമുന്നേ താത്കാലിക കുഴിയടയ്ക്കൽ നടത്തിയിരുന്നു. ഈ ഭാഗങ്ങൾ തന്നെയാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞത്.
റോഡ് തകർന്ന സ്ഥലങ്ങൾ
* സ്റ്റേഡിയം ലിങ്ക് റോഡ് ആരംഭിക്കുന്ന ഭാഗം
* ലിങ്ക് റോഡിന് തൊട്ടുമുന്നേയുള്ള കനാലിന് സമീപം
* കാരണക്കോടം ജംഗ്ഷനിൽ ടാറിംഗ് ആരംഭിക്കുന്ന ഭാഗം
* പുല്ലേപ്പടി പാലത്തിലെ പല ഭാഗങ്ങളിലും
പ്രതിഷേധം പലകുറി
കാരണക്കോടം ജംഗ്ഷനിലെയും തമ്മനം പുല്ലേപ്പടി ജംഗ്ഷനിലേയും കുഴികകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുകയും റോഡിൽ മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. തുടർന്ന് കാരണക്കോടത്ത് തകർന്നുകിടന്ന ഭാഗം ഇന്റർലോക്ക് കട്ടവിരിച്ചിരുന്നു. തമ്മനത്തുനിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിന് യാത്രക്കാർ ആശ്രയിക്കുന്ന നന്ദാനത്ത് കൊച്ചാക്കോ റോഡ് തുടങ്ങുന്നിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
പാരയായി കാരണക്കോടത്തെ നിയന്ത്രണം
കാരണക്കോടം ജംഗ്ഷനിൽ പുല്ലേപ്പടിയിൽ നിന്നെത്തുന്ന വാഹനങ്ങൾ തമ്മനത്തേക്ക് പോകുന്നതിന് സ്‌റ്റേഡിയം ലിങ്ക് റോഡിലൂടെ യൂടേൺ സംവിധാനം ഏർപ്പെടുത്തിയതും വിനയായി. പുല്ലേപ്പടിയിൽനിന്ന് സ്റ്റേഡിയംലിങ്ക് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ബാരിക്കേഡും സ്ഥാപിച്ചു. ഇതോടെ തമ്മനത്ത് നിന്നെത്തുന്ന വാഹനങ്ങൾ പുല്ലേപ്പടി ഭാഗത്തേക്ക് 50 മീറ്ററോളം എത്തി യൂടേൺ എടുത്തുവേണം സ്‌റ്റേഡിയം ഭാഗത്തേക്ക് പോകാൻ. ഇതും ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കൊച്ചി കോർപ്പറേഷന്റെ കീഴിലായിരുന്ന തമ്മനം- പുല്ലേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന് മാസങ്ങൾക്കുമുമ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയെന്നാണ് കോർപ്പറേഷന്റെ വാദം. ഇൗ കൈമാറ്റം ഒൗദ്യോഗിക രേഖകളിൽ ആയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഷ്യം.