മൂവാറ്റുപുഴ: ആറൻമുള വള്ള സദ്യ കഴിച്ച് പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്താൻ അവസരം ഒരുക്കി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ഐതിഹ്യങ്ങളെ തൊട്ടറിയാനുള്ള അത്യപൂർവ യാത്രയാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. 16ന് രാവിലെ 5ന് മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രക്ക് വള്ളസദ്യ - ബസ് ചാർജ് ഉൾപ്പടെ 1060 രൂപയാണ് ഈടാക്കുക. ആദ്യം ബുക്ക് ചെയ്യുന്ന അമ്പത് പേർക്കാണ് അവസരം. വനവാസകാലത്ത് പഞ്ച പാണ്ഡവർ പൂജിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങളിൽ യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച തൃചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, ഭീമൻ ആരാധിച്ചിരുന്ന തൃപ്പുലിയൂർ ക്ഷേത്രം, നകുലൻ ആരാധിച്ചിരുന്ന തിരുവൻവണ്ടൂർ ക്ഷേത്രം, സഹദേവൻ ആരാധിച്ചിരുന്ന തൃക്കൊടിത്താനം ക്ഷേത്രം, അർജുനൻ ആരാധിച്ചിരുന്ന തിരുആറൻമുള ക്ഷേത്രം എന്നിവയും കുന്തിദേവീ പ്രതിഷ്ഠിച്ചിട്ടുള്ള മുതുകുളം ദേവീ ക്ഷേത്രവും പഞ്ചപാണ്ഡവർക്ക് നിർമ്മാണം പൂർത്തിയാക്കാനാകാത്ത കവിയൂർ ഗുഹാ ക്ഷേത്രവും സന്ദർശിക്കും. തുടർന്ന് ആറൻമുളയിലെത്തി പ്രസിദ്ധമായ വള്ളസദ്യയും കഴിച്ച് ആറൻമുള കണ്ണാടിയുടെ നിർമ്മാണവും കണ്ടാകും മടക്കം. കൂടുതൽ വിവരങ്ങൾക്ക്: 9447737983.