amrthamatha-

പറവൂ‌‌ർ: പാല്യത്തുരുത്ത് ശ്രീനാരാണ സേവികാ ആശ്രമം മഠാധിപതിയായിരുന്ന സ്വാമിനി അമൃതമാതയുടെ നൂറാം ജന്മദിനാഘോഷം നാളെ നടക്കും. ശിവഗിരി മഠത്തിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച ആദ്യ വനിതയാണ് അമൃതമാത. കൊച്ചിൻ പോർട്ട് ട്രസ്റ്രിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ പ്രഥമ ഉദ്യോഗസ്ഥയുമാണ്. പാല്യത്തുരുത്ത് വെള്ളായിപ്പറമ്പിൽ ശങ്കരന്റെയും പാർവതിയുടേയും മകളായി 1924 ആഗസ്റ്റ് അഞ്ചിന് ജനിച്ചു. പൂർവാശ്രമത്തിൽ വി.കെ. സുശീല എന്നായിരുന്നു പേര്. പുതിയകാവ് ഗവ. സ്കൂൾ, എറണാകുളം സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് സ്കൂളിൽ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മിഡിയേറ്റും നേടി. ചെറുതുരുത്തിയിൽ അദ്ധ്യാപികയായും എറണാകുളം സുഭാഷ് പാർക്കിലും ഇൻകം ടാക്സ് വകുപ്പിലിലും ജീവനക്കാരിയായി സേവനമനുഷ്ടിച്ചു. 1945ൽ കൊച്ചിൻ പോർട്ട് ട്രസ്റ്രിൽ അഡ്മിനിസ്ട്രേറ്റ് വിഭാഗത്തിൽ സ്ഥിരനിയമനം ലഭിച്ചു. ജോലിക്കിടെ ഭോപ്പാൽ യൂണിവേഴിസിറ്റിയിൽ നിന്ന് ബിരുദവും നേപ്പാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി. 1978ൽ കൊച്ചിൻ പോർട്ട് ട്രസ്റ്രിൽ നിന്ന് സ്വയം വിരമിച്ച ശേഷം വർക്കല ശാരദാഗിരിയിൽ താമസിച്ചു. 1918ൽ ഗുരുദേവൻ ശ്രീലങ്കൻ വിളംബരം അനുസരിച്ച് സ്ത്രീകളുടെ ഇടയിൽ ശ്രീനാരായണ ദർശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് സന്നദ്ധ അറിയിച്ചു. 1990 മെയ് ഒമ്പതിന് ശാശ്വതീകാനന്ദ സ്വാമികളിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച് സ്വാമിനി അമൃതമാതയായി. തിരുവനന്തപുരം വട്ടപ്പാറയിൽ മാനസഗിരിയിൽ മാനേജർ പദവി സ്വീകരിച്ചു. 1995ൽ സ്വാമിനിയുടെ ജന്മനാട്ടിൽ കുടുബസ്വത്തായ 48 സെന്റ് ഭൂമിയിൽ ശ്രീനാരായണ സേവികാ ആശ്രമം സ്ഥാപിച്ചു. 2009 ഏപ്രിൽ 21ന് മഹാസമാധി പ്രാപിച്ചു.

ആഘോഷ പരിപാടികൾ

ആഘോഷപരിപാടികൾ രാവിലെ അഞ്ചിന് ഗുരുധർമ്മ പ്രചരണ സഭ പറവൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ഗുരുദേവകൃതി പാരായണത്തോടെ തുടങ്ങും. ആറിന് അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, ഗണപതിഹോമം, ഹോമന്ത്രാർച്ച. ഏഴര മുതൽ ഗുരുദേവകൃതി പാരായണം. ഒമ്പതിന് 101 വിദ്യാർത്ഥികളുടെ ദൈവദശക ആലാപനം. തുടർന്ന് ആശ്രമത്തിൽ നിന്ന് വാവക്കാട് എസ്.എൻ.ഡി.പി ഹാളിലേയ്ക്ക് ശാന്തിയാത്ര. പത്തിന് ജന്മശതാബ്ദി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ഡോ. പി.വി. സുരാജ്ബാബു അദ്ധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ലോഗോ പ്രകാശനം നടത്തും. ഇ.എസ്. ഷീബ, സി.എൻ. രാധാകൃഷ്ണൻ, കൃഷ്ണമണി, തമ്പി കല്ലുപുറം, ഷൈജു മനയ്ക്കപ്പടി, എം.പി. ബിനു, എം.എം. പവിത്രൻ, കെ.എസ്. ശ്രീകുമാർ, ഒ.ബി. സോമൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് ഗുരുപൂജ.