കൂത്താട്ടുകുളം: വയനാടിന് കൈത്താങ്ങേകാൻ സമ്പാദ്യ കുടുക്കകളുമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ കുട്ടികളും. രണ്ടാം ക്ലാസുകാരി അമേഗ അരുണും നാലാം ക്ലാസുകാരി ആർദ്ര എം. കരുണുമാണ് സ്വന്തം സമ്പാദ്യവുമായി തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിലെത്തിയത്. വെള്ളാർമല സ്കൂൾ പുതുക്കിപ്പണിയണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഹെഡ്മിസ്ട്രസ് ടി.വി, മായ, അദ്ധ്യാപിക എം.ടി. സ്മിത എന്നിവർ കുട്ടികളുടെ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. തുടർന്ന് സ്കൂളിലെ മറ്റ് കുട്ടികളും തങ്ങളുടെ ചെറിയ സമ്പാദ്യങ്ങൾ വയനാടിനായി സമാഹരിക്കുകയായിരുന്നു. ലഭിച്ച 36740 രൂപ പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ കുട്ടികളിൽ നിന്ന് ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.