ആകെ ചെലവ് 50കോടി
30കോടി പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽനിന്ന്
20 കോടി സംസ്ഥാന സർക്കാർ നൽകും
ആലുവ: ആലുവയിലെ നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നതിനായി നിലവിലുള്ള കച്ചവടക്കാർക്ക് നഗരസഭ ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ആഗസ്റ്റ് ഒമ്പതിനകം താത്കാലിക ഷെഡുകൾ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിനാണ് സെക്രട്ടറി 51 കച്ചവടക്കാർക്കും നോട്ടീസ് നൽകിയത്. കൂടാതെ മാർക്കറ്റിൽ പൊതുനോട്ടീസും പതിപ്പിച്ചു.
നേരത്തെ നടന്ന ചർച്ചയിൽ മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കർ സ്ഥലം വാടകക്ക് ലഭ്യമാക്കാമെന്നും കച്ചവടക്കാർക്ക് താത്കാലിക ഷെഡ് കെട്ടി ഒരു വർഷത്തേക്ക് ഉപയോഗിക്കാമെന്നുമാണ് നഗരസഭ അറിയിച്ചിരുന്നു. സ്ഥല വാടക നാല് ലക്ഷം രൂപ പ്രതിമാസം കച്ചവടക്കാർ വീതിച്ച് നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരെ കച്ചവടക്കാർ നൽകിയ ഹർജി 12ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതി കമ്മീഷൻ മാർക്കറ്റ് സന്ദർശിക്കുകയും നഗരസഭ ഫയലുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. കോടതി നടപടികൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് നഗരസഭ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
പുതിയ മാർക്കറ്റ് സമുച്ചയത്തിനായി കെട്ടിടങ്ങൾ പൊളിച്ചിട്ട് പത്ത് വർഷത്തോളമായി. ഒരുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് അന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചത്. തുടർന്ന് കച്ചവടക്കാർ സ്വന്തം നിലയിൽ താത്കാലിക ഷെഡുകൾ നിർമ്മിച്ചായിരുന്നു കച്ചവടം. ഈ ഷെഡുകളാണ് ഇപ്പോൾ നീക്കണമെന്ന് ആവശ്യപ്പെടുന്നത്. നിർദ്ദിഷ്ട കെട്ടിടത്തിൽ മുറിക്ക് അഡ്വാൻസ് നൽകിയവരാണ് 51 കച്ചവടക്കാരും.
നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമ്മാണം. റസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ് കൂടാതെ 88 ഷോപ്പുകളുമുണ്ടാകും. ടോയ്‌ലെറ്റുകൾ, ലിഫ്റ്റ്, എസ്‌കലേറ്റർ, റാമ്പ് എന്നിവയുമുണ്ടാകും.
മത്സ്യമാംസാദികൾ ശീതീകരിക്കുന്നതിന് സൗകര്യവും മലിനജല സംസ്‌കരണ പ്ലാന്റുമുണ്ട്.
കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്മെന്റ് അതോറിട്ടിയാണ് കെട്ടിടം നിർമ്മിക്കുന്നത്. രണ്ടാഴ്ക്കകം ടെൻഡർ വിളിക്കും. ഓണത്തോടനുബന്ധിച്ച് നിർമ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് മുമ്പായി സ്ഥലം കൈമാറണം. കച്ചവടക്കാർക്ക് സമീപത്ത് തന്നെ ബദൽ സൗകര്യമൊരുക്കും.
എം.ഒ. ജോൺ
നഗരസഭ ചെയർമാൻ
നിലവിലെ മാർക്കറ്റ് പ്രദേശത്ത് തന്നെ കച്ചവടം നടത്താൻ അനുവദിക്കണം. മറ്രൊരു സ്ഥലത്തേക്ക് മാറില്ല. പത്ത് വർഷം മുമ്പ് കെട്ടിടം ഒഴിഞ്ഞതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം. രണ്ടര ഏക്കറിലും നിർദ്ദിഷ്ട കെട്ടിടമില്ല. കെട്ടിടം ഇല്ലാത്ത ഭാഗത്ത് താത്കാലിക ഷെഡ് നിർമ്മിക്കാൻ അനുവദിക്കണം.
ജോഷി ജോൺ
പ്രസിഡന്റ്
വ്യാപാരി സൗഹൃദ കൂട്ടായ്മ