പറവൂർ: പറവൂർ മേഖലയിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടർക്കഥയാകുമ്പോൾ ശാശ്വത പരിഹാരം കാണാനാകാതെ കുഴഞ്ഞ് വാട്ടർ അതോറിട്ടി. വെള്ളം പാഴാകുന്നതോടൊപ്പം റോഡുകൾ തകരുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനും വാട്ടർ അതോറിട്ടി ചെലവാക്കുന്നത് ലക്ഷങ്ങളാണ്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകളാണ് പലയിടങ്ങളിലും പൊട്ടുന്നത്. പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ കോടികളുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചില പദ്ധതികൾക്ക് പണം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ മുന്നോട്ട് നീങ്ങുന്നില്ല. വർഷങ്ങളായി തുടരുന്ന അറ്റകുറ്റപ്പണി ഇടപാടിലാണ് ചിലർക്ക് താത്പര്യം. പൈപ്പ് പൊട്ടിയ സ്ഥലത്ത് അറ്റകുറ്റപ്പണികൾ നടത്തി ടൈൽ വിരിച്ച് ശരിയാക്കിയ ഇടത്ത് വീണ്ടും പൈപ്പ് പൊട്ടുന്നത് പതിവായിരിക്കുകയാണ്. ആലുവ - പറവൂർ റോഡിൽ മന്നംകവലക്ക് പടിഞ്ഞാറുവശം പൈപ്പ് പൊട്ടിയത് അറ്റകുറ്റപണി നടത്തിയെങ്കിലും വീണ്ടും പൊട്ടി. അവിടെ കഴിഞ്ഞ മാസം വീണ്ടും അറ്റകുറ്റപണി നടത്തി ടൈൽ വിരിച്ചെങ്കിലും വീണ്ടും പൊട്ടി വെള്ളം പാഴാകുകയാണ്. മുനമ്പം കവലയിൽ ആറ് തവണയാണ് ഒരോസ്ഥലത്ത് പൈപ്പ് പൊട്ടിയത്. തോന്ന്യകാവിലും നിരവധി തവണ പൈപ്പുപ്പൊട്ടി. ഇക്കാരണത്താൽ രണ്ട് ദിവസം വരെ കുടിവെള്ളമില്ലാതെ പ്രദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടാറുണ്ട്.