ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി, തോപ്പുംപടി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലെ പൈതൃക സ്ഥലങ്ങളുടെ സംരക്ഷണത്തിനും വീണ്ടെടുക്കലിനുമായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര ടൂറിസംസഹമന്ത്രി സുരേഷ് ഗോപിയെ സന്ദർശിച്ച് വിശദമായ പ്രൊപ്പോസൽ കൈമാറി. കേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ ഘടനയ്ക്ക് അത്യന്താപേക്ഷിതവും ആഭ്യന്തര, അന്തർദ്ദംശീയ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ കൂടിയായ കൊച്ചിയുടെ സമ്പന്നമായ പൈതൃകമൂല്യം സംരക്ഷിക്കപ്പെടണം. പൈതൃകകേന്ദ്രങ്ങളുടെ സംരക്ഷണത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും ഹൈബി ചൂണ്ടിക്കാട്ടി.

നിലവിൽ ഈ പൈതൃക സ്ഥലങ്ങളിൽ ചിലത് കേന്ദ്രസർക്കാറിന്റെയോ സംസ്ഥാന സർക്കാരിന്റെയോ സ്വകാര്യ വ്യക്‌തികളുടെയോ പക്കലാണ്. ഇവ സംരക്ഷിക്കാൻ ഏകോപിതശ്രമം വേണം.

നിവേദനത്തിലെ ആവശ്യങ്ങൾ

* കടൽക്ഷോഭത്താൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ അപ്രത്യക്ഷമായ ഫോർട്ടുകൊച്ചിയിലെ ഏക്കർകണക്കിന് ബീച്ച് പ്രദേശം വീണ്ടെടുക്കണം

* കടൽത്തീരത്തിന്റെ നഷ്ടം ചുറ്റുവട്ടത്തെ പൈതൃക മേഖലകൾക്ക് ഗുരുതര ഭീഷണി

* ബീച്ച് പ്രദേശങ്ങൾ വീണ്ടെടുത്തില്ലെങ്കിൽ വിനോദസഞ്ചാരികൾ വരാതാകും

പരദേശി സിനഗോഗ്, കൊച്ചിൻ ജൂത സിനഗോഗ്, മട്ടാഞ്ചേരി സിനഗോഗ്, ചെമ്പിട്ടപ്പള്ളി, ഹരി ഷേണായ് ബംഗ്ലാവ്, സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക, കോട്ടപ്പള്ളി എന്നിവയെ ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങളെന്ന നിലയിൽ സംരക്ഷിക്കണം.

* ഓടത്ത ബൊട്ടാണിക്കൽ ഗാർഡൻ, ഡച്ച് സെമിത്തേരി, മലബാർ ജൂത സെമിത്തേരി, പരേഡ് ഗ്രൗണ്ട്, സെൻ്റ് പീറ്റേഴ്‌സ് ചർച്ച്, അരിയിട്ടുവാഴ്ച കോവിലകം, ചൈനീസ് മത്സ്യബന്ധന വലകൾ, ബസാർ, കൽവത്തി, ചരിത്ര പ്രാധാന്യമുള്ള തെരുവുകൾ, വാസ്കോ ഡ ഗാമ സ്ക്വയർ, ജില്ലാ പൈതൃക മ്യൂസിയം, ഡച്ച് പാലസ് എന്നിവയ്ക്കും അടിയന്തര സംരക്ഷണം വേണം.

* കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സാമ്പത്തിക സഹായംഅനുവദിക്കണം