ആലുവ: വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഓൺലൈൻ സ്ഥലം മാറ്റത്തിലും ഡയറക്ടറേറ്റിന്റെ അവിഹിത ഇടപെടലുണ്ടെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ, ജനറൽ സെക്രട്ടറി കെ. രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡയറക്ടറേറ്റിൽ പത്ത് വർഷത്തിലേറെയായി സർവീസ് ചെയ്യുന്നവരുണ്ട്. ഓൺലൈൻ സ്ഥലം മാറ്റത്തിലും അല്ലാതെയുള്ള സ്ഥലം മാറ്റത്തിലും സുതാര്യത പാലിക്കണം. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അവകാശപ്പെട്ട അക്കൗണ്ട്‌സ് ഓഫീസർ തസ്തിക തട്ടിയെടുത്ത് സെക്രട്ടേറിയറ്റിലെ ജീവനക്കാരെ സമഗ്ര ശിക്ഷ കേരളയിൽ നിയമിച്ച നടപടി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
സംഘടനയുടെ സംസ്ഥാന സമ്മേളനം നാളെ മുതൽ രണ്ടു ദിവസം ആലുവ തോട്ടക്കാട്ടുകര നമ്പൂരിമഠം ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ സെമിനാർ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് യാത്രഅയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്യും.
പത്തിനു രാവിലെ ഒമ്പതിന് സംസ്ഥാന കൗൺസിൽ യോഗം നടക്കും.