മട്ടാഞ്ചേരി: വൃത്തിഹീനമായ അന്തരീക്ഷത്തിൽ കാട് പിടിച്ച പ്രദേശത്ത് ഇഴ ജന്തുക്കളെ ഭയന്ന് ഒറ്റ മുറി വീട്ടിൽ കഴിഞ്ഞിരുന്ന ആസിയ എന്ന ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ ദുരിത ജീവിതത്തിന് പരിഹാരമായി വീട് നിർമ്മാണത്തിന് തുടക്കം.കെ.ജെ മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ആസിയയുടെ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. കൊച്ചിക്കാർ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തതോടെയാണ് ആസിയക്കും കുടുംബത്തിനും ഭവനമൊരുങ്ങുന്നത്. മാതാവ് റസിയയും പിതാവ് സലീമും അടങ്ങുന്ന മൂന്നംഗ കുടുംബത്തിന്റെ ദുരിത ജീവിതം പുറത്ത് കൊണ്ട് വന്നത് ആരി എന്ന യുവതിയാണ്. ആസിയയുടെ ദുരിത ജീവിതത്തെക്കുറിച്ച് ഇവർ തയ്യാറാക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൊച്ചിക്കാർ ഇവരുടെ ദു:ഖം ഏറ്റെടുക്കുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ മുഴുവൻ കൊച്ചിൻ അക്കാഡമിയും ഏറ്റെടുത്തു. ആസിയ താമസിക്കുന്നിടം ഭൂമി സംബന്ധമായി ചില തർക്കങ്ങളുള്ളതിനാൽ ഭവന പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇപ്പോൾ സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് 450 സ്ക്വയർ ഫീറ്റിലുള്ള വീടൊരുക്കുന്നത്. കുടുംബത്തിന് പട്ടയം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മൂന്ന് മാസം കൊണ്ട് ഭവന നിർമ്മാണം പൂർത്തീകരിക്കുമെന്നും എം.എൽ.എ.പറഞ്ഞു. തറക്കല്ലിടൽ ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ കൗൺസിലർ പി.എം. ഇസ്മുദ്ദീൻ അദ്ധ്യക്ഷനായി. ആറ്റക്കോയ തങ്ങൾ, സീനത്ത് റഷീദ്, സാബു അലി, കെ.എം. റിയാദ്, സ്മിത ബഷീർ, രാജേഷ് എന്നിവർ സംസാരിച്ചു.