കൊച്ചി: വരാപ്പുഴ ഭാഗത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് വെള്ളക്കെട്ടിന് കാരണമെന്ന് ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു.

റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കാനുള്ള ചുമതല സംസ്ഥാനത്തിനാണെന്ന നിലയിൽ ദേശീയപാത അതോറിറ്റി ഒഴിഞ്ഞുനിൽക്കുന്നതായാണ് മനസിലാക്കുന്നത്. ഓടകൾ ഇല്ലാതെ പാതയുടെ പണി പൂർത്തിയായാൽ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുമെന്നും അപകടമുണ്ടാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. വിഷയത്തിൽ ദേശീയപാത അതോറിറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ പരിഹാരമുണ്ടാക്കണം. ഹർജിയിൽ തദ്ദേശഭരണ സെക്രട്ടറിയെ കക്ഷിചേർത്ത കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും നിർദ്ദേശിച്ചു. വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിക്കെതിരെ വരാപ്പുഴ പഞ്ചായത്താണ് കോടതിയെ സമീപിച്ചത്.