വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയന്റെയും ചെറായി വിജ്ഞാനവർദ്ധിനി സഭയുടെയും നേതൃത്വത്തിൽ നടക്കുന്ന 170-ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ചതയദിനഘോഷയാത്ര 20ന് വൈകീട്ട് 4 ന് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രമൈതാനിയിൽ നിന്ന് ആരംഭിച്ച് ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും.

യൂണിയന്റെ കീഴിലുള്ള 21 ശാഖകൾ, 132 കുടുംബ യൂണിറ്റുകൾ, സ്വയംസഹായസംഘങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. ചതയദിനത്തിന് മുന്നോടിയായി 11 ന് പതാകദിനം ആഘോഷിക്കും. രാവിലെ 9ന് യൂണിയൻ ഗുരുമണ്ഡപത്തിൽ ഗുരുപൂജയോടെ പതാക ഉയർത്തും. ശാഖയോഗം, കുടുംബയൂണിറ്റ്, സ്വയംസഹായസംഘം ആസ്ഥാനങ്ങളിലും ഭവനങ്ങളിലും വി.വി.സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ നഗറിലും പീതപതാക ഉയർത്തും. 18ന് നടത്താനിരുന്ന ചതയദിന വിളംബര സന്ദേശയാത്ര വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. 20ന് നടക്കുന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങൾ, മുത്തുകുടകൾ, കാവടികൾ, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയുണ്ടാകും.

ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. വി.വി.സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ചതയദിന സന്ദേശം നൽകും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. അഡ്വ. എൻ.എൻ. ഗോപാലൻ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ, പി.ഡി. ശ്യാംദാസ് മെമ്മോറിയൽ ട്രോഫികൾ എന്നിവ സമ്മേളനത്തിൽ സമ്മാനിക്കും. പത്രസമ്മേളനത്തിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, വി.വി. സഭ മാനേജർമാരായ പ്രദീപ് പൂത്തേരി, ഒ.എസ്. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.