കൊച്ചി: പോർച്ചുഗലിലെ ലാവോസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പള്ളുരുത്തി തങ്ങൾനഗർ അഫ്‌സർ അഷറഫിനെ (34) പൊലീസ് അറസ്റ്റു ചെയ്തു. ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ഉപയോഗിക്കാൻ അയച്ചെന്ന, എറണാകുളം പനമ്പിള്ളിനഗർ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിൽ ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്. ലാവോസിലെ ചൈനീസ് കമ്പനിയായ യിങ് ലോണിൽ ജോലി വാഗ്ദാനം ചെയ്ത് ആറുപേരെ ലാവോസിലെത്തിച്ചിരുന്നു. അരലക്ഷം രൂപ വീതം ഇവരിൽ നിന്ന് വാങ്ങിയിരുന്നു. അവിടെ ഓരോരുത്തരെയും നാലുലക്ഷം രൂപ വീതം വാങ്ങി വിറ്റെന്നാണ് പരാതി.
ഓൺലൈൻ തട്ടിപ്പുകൾക്കാണ് തങ്ങളെ എത്തിച്ചതെന്ന് പിന്നീടാണ് പരാതിക്കാരന് മനസിലായത്. ഇന്ത്യൻ എംബസിയിൽ അറിയിച്ചതിനെത്തുടർന്ന് തിരിച്ചുവരാൻ കഴിഞ്ഞു. ലാവോസിലെ ഗോൾഡൻ ട്രയാങ്കിളിൽ പ്രവർത്തിക്കുന്ന യിങ് ലോൺ ജീവനക്കാരായ രണ്ടുപേരും പ്രതികളാണ്.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ കെ.ആർ മനോജ്, തോപ്പുംപടി ഇൻസ്‌പെക്ടർ സി.ടി സഞ്ജു, എസ്.ഐ ജിൻസൻ ഡൊമിനിക്, സി.പി.ഒമാരായ ബിബിൻ മോൻ, രൂപേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.