ആലുവ: എടയപ്പുറം മനക്കത്താഴം കവലയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് ലഹരി ഇടപാട് നടത്തുന്നവരെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ കോട്ടയത്ത് നിന്നെത്തിയ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് പൊലീസെത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തു.
ദമ്പതികളെന്ന പേരിൽ രണ്ട് പേരാണ് ഒരു മാസത്തോളമായി ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. ആഡംബര വാഹനങ്ങളിൽ രാവും പകലും ഇവിടെ ആളുകൾ വന്നുപോകുന്നുണ്ടായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. ഇന്നലെ വൈകിട്ടോടെ രണ്ട് കാറുകളിലായി അഞ്ച് പേർ വീട്ടിലെത്തി. ഒരു കാറിൽ സ്ത്രീയും പുരുഷനുമായിരുന്നു. സ്ത്രീക്കൊപ്പമുണ്ടായിരുന്നയാളാണ് ഓടി രക്ഷപ്പെട്ടത്. ഇയാൾ സ്ത്രീയുടെ മകനാണെന്നും ഇവരെ പിന്തുടർന്നാണ് പൊലീസ് എത്തിയതെന്നും പറയുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.