കൊച്ചി: ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ ഏകീകരണത്തിലൂടെ പൊതുവിദ്യാഭ്യാസ നന്മകളും ഗുണമേന്മയും ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ജില്ലയിലെ സംയുക്ത അദ്ധ്യാപക സമിതിയുടെയും ഹയർ സെക്കൻഡറി അദ്ധ്യാപക ഫെഡറേഷന്റെയും നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു.
ഇടത് അദ്ധ്യാപക സംഘടന തയ്യാറാക്കിയ റിപ്പോർട്ട് പകർത്തിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊതുവിദ്യാഭാസ ദുരന്തത്തിന് കാരണമാകുമെന്നും പൊതുവിദ്യാലയങ്ങളെ തകർത്ത് അൺ എയ്ഡഡ് വിദ്യാലയങ്ങൾ തഴച്ചുവളരാൻ സഹായകമാകുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
സംയുക്ത അദ്ധ്യാപക സമിതി ചെയർമാൻ അജിമോൻ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. എസ്. സന്തോഷ്‌കുമാർ, അദ്ധ്യാപക സംഘടന നേതാക്കളായ ടി.യു. സാദത്ത്, മാഹിൻ ബാഖവി, എം.എ. സെയ്ദു മുഹമ്മദ്, രഞ്ജിത്ത് മാത്യു, എം. ഷിഹാബ്, സിനോജ് ജോർജ്, കെ.എസ്. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന് നൽകിയ അംഗീകാരം ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.