ed


കേന്ദ്രസർക്കാരിന്റെ ആശീർവാദത്തോടെ സംഹാരരൂപം പൂണ്ട ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാജ്യത്ത് തലങ്ങും വിലങ്ങും പാഞ്ഞ് കേസുകളെടുത്തു. മുഖ്യമന്ത്രിമാരെയടക്കം നോട്ടമിട്ടു. പല പ്രമുഖരെയും ചോദ്യം ചെയ്തു. ചിലർ റിമാൻഡിലുമായി. എന്നാൽ ഇ.ഡിക്ക് ഫിനിഷിംഗ് പോയിന്റിൽ പിഴയ്ക്കുകയാണ്. തുടക്കത്തിലെ കോലാഹലത്തിന് ശേഷം കോടതിയിലെത്തുമ്പോൾ മിക്ക കേസുകളും വീഴുന്നു.
രാജ്യത്ത് പത്തുവർഷത്തിനിടെ ഇ.ഡി രജിസ്റ്റർ ചെയ്ത 5,297 കേസുകളിൽ ശിക്ഷ ലഭിച്ച കേസുകൾ ഒരു ശതമാനം പോലുമില്ല. കൃത്യമായി പറഞ്ഞാൽ 40 പേരെ മാത്രമാണ് ശിക്ഷിച്ചിട്ടുള്ളത്. ലോക്‌സഭയിൽ കഴിഞ്ഞ ദിവസം കേന്ദ്രം വെളിപ്പെടുത്തിയ കണക്കാണിത്. ഇത് തന്നെ സുപ്രീംകോടതിയിലും പരാമർശ വിഷയമായി. കേസെടുത്തിട്ടു കാര്യമില്ല, തെളിയിക്കാൻ കഴിയണമെന്ന് പരമോന്നത കോടതി പറഞ്ഞു. ഇനി ശാസ്ത്രീയ അന്വേഷണം പരിശീലിക്കണമെന്നു 'ക്ലാസ്' എടുക്കുകയും ചെയ്തു.

ഇ.ഡി. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി വമ്പന്മാരടക്കം കുടുങ്ങുമെന്ന അഭ്യൂഹമുണ്ടായി. പല പ്രമുഖരും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ ഉന്നതങ്ങളിലേക്ക് എത്താതെ പലതും കെട്ടടങ്ങി. ചിലത് നിയമനടപടികളിൽ തട്ടി ഇഴയുകയാണ്. അതേസമയം ഇ.ഡി ഇടപെട്ടതോടെ പോസിറ്റീവ് തീരുമാനമുണ്ടായ സംഭവങ്ങളും കാണാതിരിക്കാനാകില്ല. കരുവന്നൂർ സഹകരണ ബാങ്ക് കേസിലടക്കം നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ സർക്കാർ ഇടപെട്ട് സംവിധാനമുണ്ടാക്കിയത് അതുകൊണ്ടാണ്. ഹൈറിച്ച് അടക്കം പല സ്വകാര്യ തട്ടിപ്പ് സ്ഥാപനങ്ങളുടേയും നടത്തിപ്പുകാരെ അറസ്റ്റ്ചെയ്ത് റിമാൻഡിലാക്കാനും സ്വത്തു കണ്ടുകെട്ടാനും ഇ.ഡിയ്ക്കായി. എല്ലാ കേസുകളും ഇനി കോടതികളിൽ തെളിയണമെന്നതാണ് പ്രശ്നം.

സ്വർണക്കടത്തും ലൈഫും

കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്തു കേസിന്റെ അന്വേഷണവുമായി ആഘോഷപൂർവമാണ് ഇ.ഡി. കേരളത്തിലേക്ക് കടന്നുവന്നത്. പിന്നാലെ ഡോളർ കടത്ത്, ലൈഫ് പദ്ധതി കേസുകളുടെ അന്വേഷണത്തിലും ഇ.ഡി. പങ്കാളിയായി. മുൻമന്ത്രി കെ.ടി. ജലീലും മുഖ്യമന്ത്രിയുടെ വിശ്വസ്തനും സ്റ്റാഫംഗവുമായ സി.എം. രവീന്ദ്രനുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ ആകെപ്പാടെ കുടുങ്ങിയ പ്രമുഖൻ ഐ.എ.എസുകാരനായ എം. ശിവശങ്കർ മാത്രം. സ്വപ്നയടക്കമുള്ള ഇടനിലക്കാരും. അതിനിടെ ചന്ദ്രിക ഫണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. യാതൊരു തെളിവുമില്ലാത്ത രാഷ്ട്രീയ പ്രേരിതമായ കേസുകളാണിതെന്ന് ബന്ധപ്പെട്ട നേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഇതുതന്നെയാണ് സ്വർണക്കടത്ത് കേസിലടക്കം വിചാരണ തുടങ്ങാനിരിക്കേ ഇ.ഡി നേരിടുന്ന വെല്ലുവിളി.

മസാല ബോണ്ടും കരുവന്നൂരും

സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിദേശത്ത് മസാല ബോണ്ട് പുറത്തിറക്കിയ നടപടിയിലും എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് കയറിപ്പിടിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും പലതവണ സമൻസയച്ചു. മസാല ബോണ്ട് വഴി പണം സമാഹരിച്ചതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമുണ്ടോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. എന്നാൽ ഐസക്കിനെ ഒരു തവണപോലും ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രശ്നം ഹൈക്കോടതിയിലാണ്. റിസർവ് ബാങ്കിന്റെ അധികാരത്തിലാണ് ഇ.ഡി. കൈകടത്തുന്നതെന്ന ശക്തമായ വാദമാണ് എതിർകക്ഷികൾ ഉന്നയിക്കുന്നത്. കേസിൽ അടുത്തദിവസം കോടതി തീർപ്പുകൽപിക്കും. ഏതായാലും നിയമപ്രശ്നങ്ങൾ കാരണം മസാല ബോണ്ട് കേസ് ചൂടാറിയ സ്ഥിതിയിലാണ്.

അതേസമയം, കരുവന്നൂർ, കണ്ടല, കിഴതടിയൂർ തുടങ്ങിയ സഹകരണബാങ്ക് വായ്പാ തട്ടിപ്പുകേസുകളിൽ ഇ.ഡിയുടെ ഇടപെടൽ ഇതുവരെ ഫലപ്രദമാണ്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സ‌ർക്കാർ മുൻകൈയെടുത്ത് അടിയന്തര സംവിധാനമൊരുക്കി. കൃത്യമായ കോടതി നിർദ്ദേശങ്ങളുമുണ്ടായി. എന്നാൽ കരുവന്നൂർ കേസിൽ എ.സി. മൊയ്ദീൻ, എം.എം. വർഗീസ് തുടങ്ങിയ ഉന്നത സി.പി.എം നേതാക്കളെ ചോദ്യംചെയ്തിരുന്ന അന്വേഷണസംഘം ഇപ്പോൾ പിന്നോട്ടടിച്ച മട്ടാണ്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി, ഹീര കൺസ്ട്രക്ഷൻസ്, മോൻസൻ മാവുങ്കൽ തുടങ്ങി സ്വകാര്യകക്ഷികളുടെ വഞ്ചനാ കേസും സംസ്ഥാനത്ത് ഇ.ഡി അന്വേഷിക്കുന്നുണ്ട്. എല്ലാം ഇനി കോടതികളുടെ കളത്തിലാണ്.

കേന്ദ്രം ഭരിക്കുന്നവരുടെ ആയുധമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്ന ആക്ഷേപം അനുദിനം ശക്തമായി വരികയാണ്. എന്നാൽ മടിയിൽ കനമുള്ളവരാണ് ഇ.ഡിയെ അനാവശ്യമായി വിമർശിക്കുന്നതെന്ന മറുവാദവുമുണ്ട്. ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസിനോ സി.ബി.ഐയ്ക്കോ ഉള്ളതുപോലെ ഒട്ടേറെ വകുപ്പുകൾ ഇ.ഡിയ്ക്ക് നൽകിയിട്ടില്ല. കള്ളപ്പണക്കേസുകൾ അന്വേഷിക്കുകയാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള ഇ.ഡിയുടെ പ്രധാന ചുമതല. എന്നാൽ മറ്റ് ഏജൻസികളിൽ നിന്ന് വ്യത്യസ്തമായി, ഏത് കേന്ദ്രങ്ങളിലും റെയ്ഡ് നടത്താനും ഏത് ഉന്നതരേയും ചോദ്യം ചെയ്യാനുമുള്ള നിയമപരിരക്ഷ ഇ.ഡിയ്ക്കുണ്ട്. വിപുലമായ ഈ അധികാരം ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇ.ഡിയും കേന്ദ്രവും വിവേകപൂ‌ർവം ചിന്തിക്കേണ്ടതും ദുഷ്പേര് മാറ്റേണ്ടതും അനിവാര്യമാണ്.