kinfra

കൊച്ചി: അഞ്ചുമാസം മുമ്പ് നിലച്ച കിൻഫ്ര ജലവിതരണ പദ്ധതി പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടും. ഒക്ടോബറിൽ വീണ്ടും പദ്ധതി ആരംഭിക്കുകയാണ് ലക്ഷ്യം. കാക്കനാട്ടെ ഇൻഫോപാർക്കിലും കിൻഫ്ര പാർക്കിലുമുൾപ്പെടെ സുലഭമായി വെള്ളം ലഭ്യമാക്കാൻ ആവിഷ്‌കരിച്ച പദ്ധതിയാണിത്. പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച പ്രതിഷേധവും തർക്കവും മൂലം പദ്ധതി പാതി വഴിയിൽ നിലയ്ക്കുകയായിരുന്നു.

2016ൽ അനുമതി ലഭിച്ച പദ്ധതിപ്രകാരം ആലുവ തോട്ടുംമുഖത്ത് പെരിയാറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ് വഴി കാക്കനാട്ടെ കിൻഫ്ര പാർക്കിൽ എത്തിക്കുന്നതാണ് പദ്ധതി. കിൻഫ്രക്ക് പുറമെ ഇൻഫോപാർക്ക്, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ എന്നിവയ്ക്കും വെള്ളം നൽകും.

45 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) വെള്ളത്തിന്റെ പദ്ധതിയിൽ 80 ശതമാനം കുടിക്കാനുൾപ്പെടെ വ്യക്തിഗത ആവശ്യങ്ങൾക്കും 20 ശതമാനം വ്യാവസായിക ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുക. പൊതുമരാമത്ത് റോഡിൽ 14.5 കിലോമീറ്ററോളം പൈപ്പിടേണ്ടതിൽ 280 മീറ്ററാണ് പൂർത്തിയായത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളപദ്ധതി നടപ്പാക്കാതെ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ എം.എം.എമാർ ഉൾപ്പെടെ ജനപ്രതിനിധികൾ തടങ്ങതോടെ നിർമ്മാണം നിലച്ചു. കൊച്ചി നഗരത്തിന്റെ ഒരുഭാഗം, കളമശേരി, ആലുവ മേഖലകളിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് മുൻഗണന നൽകണമെന്നാണ് എതിർക്കുന്നവർ ആവശ്യം.

 സമവായ ചർച്ചയുണ്ടാകും

പൈപ്പിടൽ പുനരാരംഭിക്കാൻ പ്രതിഷേധിക്കുന്നവരുമായി സമവായമുണ്ടാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ച് പരിഹാരം കാണാൻ തീരുമാനിച്ചിരുന്നു. ഇതേവരെ യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. മഴക്കാലമായതിനാൽ സെപ്‌തംബറിന് ശേഷമേ റോഡ് പൊളിച്ച് പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കൂ. പമ്പിംഗ് സ്റ്റേഷനുള്ള ആലുവ തോട്ടുംമുഖത്ത് ആരംഭിച്ച് എടയപ്പുറം, കൊച്ചിൻ ബാങ്ക്, എൻ.എ.ഡി., മണലിമുക്ക്, ഇടച്ചിറ വഴിയാണ് ഇൻഫോപാർക്കിലെത്തുന്നത്.

വയനാട് പുനരധിവാസം ഉൾപ്പെടെ സുപ്രധാന ആവശ്യങ്ങൾ നിലനിൽക്കുന്നതിനാൽ യോഗം എന്നുചേരുമെന്ന് വ്യക്തമായിട്ടില്ല. ഒക്ടോബറിലെങ്കിലും നിർമ്മാണം പുനരാരംഭിക്കണമെന്നാണ് കിൻഫ്ര അധികൃതരുടെ പ്രതീക്ഷ.

പാർക്കുകൾക്ക് നിർണായകം

കടമ്പ്രയാറിലെ വെള്ളമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഏപ്രിൽ. മേയ് മാസങ്ങളിൽ വെള്ളക്കുറവ് മൂലം പമ്പിംഗ് നിറുത്തിവയ്‌ക്കേണ്ടിവരുന്നത് ഇൻഫോപാർക്കിലെയും കിൻഫ്രയിലെയും സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്. ജലലഭ്യത കുറഞ്ഞാൽ വൻകിട ഐ.ടി കമ്പനികളുൾപ്പെടെ പിൻമാറാൻ സാദ്ധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന് തന്നെ ദോഷകരമാകും. അതൊഴിവാക്കാണ് പെരിയാറിൽ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

പദ്ധതി ഇങ്ങനെ

ചെലവ് 71.17 കോടി രൂപ

അനുമതി ലഭിച്ചത് 2016

പുതുക്കിയ അനുമതി 2021

കരാർ നൽകിയത് 2021 ഡിസംബർ

നിർമ്മാണത്തുടക്കം 2022

2026 ൽ തുടക്കത്തിൽ 10 എം.എൽ.ഡി

2030 ൽ 20 എം.എൽ.ഡി

2050 ൽ 45 എം.എൽ.ഡി