കൊച്ചി : സ്ഥിരനിക്ഷേപം തിരികെ നൽകിയില്ലെന്ന പരാതിയിൽ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും 23ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കെ.ജയശ്രീഅമ്മ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ബാങ്ക് പ്രസിഡന്റ് കെ.ഗോപൻ, സെക്രട്ടറി ആശ സുരേഷ് എന്നിവർ ഹാജരാകാനാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.
ജയശ്രീഅമ്മയുടെ സ്ഥിരനിക്ഷേപം തിരികെ നൽകാൻ 2017 ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ആറ് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. മുൻഗണനാക്രമം അനുസരിച്ച് നിക്ഷേപം തിരികെ നൽകുമെന്നും രണ്ട് സ്ഥിര നിക്ഷേപങ്ങൾക്ക് ഒരേ നമ്പർ നൽകി ബാങ്ക് മാനേജർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അതിലൊന്ന് ഹർജിക്കാരിയുടേതാണെന്നും ബാങ്ക് വിശദീകരിച്ചു.
അങ്ങനെയെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയാണ് ബാങ്ക് നടപടി സ്വീകരിക്കേണ്ടതെന്നും ഹർജിക്കാരിയുടെ നിക്ഷേപം തിരികെ നൽകാതിരിക്കാൻ അത് കാരണമല്ലെന്നും കോടതി വ്യക്തമാക്കി.