കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലും പരാതിക്കാരിയായ നവവധുവും 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. പ്രതികൾക്കെതിരെ അതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി പൊലീസിനോടും നിർദ്ദേശിച്ചു.

തർക്കം ഒത്തുതീർപ്പാക്കിയതായും ഒരുമിച്ചുജീവിക്കാൻ ആഗ്രഹിക്കുന്നതായും ഹർജിക്കാരനും യുവതിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഭർത്താവും താനുമായി ചെറിയ പിണക്കങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ഗാർഹികപീഡനക്കേസ് നൽകിയത് സ്വന്തം വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണെന്നുമാണ് നോർത്ത് പറവൂർ സ്വദേശിയായ നവവധു സത്യവാങ്മൂലം നൽകിയത്.

കഴിഞ്ഞ മേയ് 12നുണ്ടായ തർക്കത്തെതുടർന്ന് രാഹുൽ കഴുത്തിൽ കേബിൾ മുറുക്കി ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് കേസ്.

ഒളിവിൽപ്പോയ രാഹുൽ വിദേശത്താണെന്നാണ് സൂചന. യുവതിയും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണ്.