nh

ആലുവ: ഗതാഗത മന്ത്രിയുടെ സന്ദർശനത്തിന്റെ തുടർച്ചയായി ദേശീയപാതയിൽ ആലുവ ബൈപ്പാസിൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇനി കുരുക്കിൽപ്പെടില്ല. കളമശേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ആലുവ നഗരത്തിലേക്ക് തിരിയാൻ സിഗ്നൽ കാത്ത് നിർത്തിയിടുന്നതാണ് അങ്കമാലിയിലേക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് നഗരത്തിലേക്കുള്ള വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്.

പുളിഞ്ചോട് സിഗ്നൽ കഴിഞ്ഞുള്ള മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിച്ച് പാതി പിന്നിടുമ്പോഴേക്കും പാതയെ മദ്ധ്യഭാഗത്ത് വീപ്പകൾ സ്ഥാപിച്ച് രണ്ടായി തിരിക്കുകയാണ്. പാലത്തിന്റെ ഇടതുവശം ചേർന്ന് അങ്കമാലിയിലേക്കുള്ള വാഹനങ്ങളും വലതുവശത്തുകൂടെ നഗരത്തിലേക്കുള്ള വാഹനങ്ങളും പോകണം. ബൈപ്പാസിൽ അങ്കമാലിയിലേക്കുള്ള വാഹനങ്ങൾക്ക് എല്ലാ സമയവും പച്ച സിഗ്നൽ ആയിരിക്കും. നഗരത്തിലേക്ക് തിരിയേണ്ട വാഹനങ്ങൾ പച്ച സിഗ്നൽ തെളിയുന്നത് വരെ വലത്തെ പാതയിൽ നിർത്തണം. ഈ സമയത്തും അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാം.

പുളിഞ്ചോട് മുതൽ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പാതയായി തിരിക്കുന്ന ഡ്രമ്മുകളിലെല്ലാം രാത്രിയിൽ തിരിച്ചറിയാൻ റിഫ്ളക്ടറുകളുണ്ട്. ഇന്നലെ മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

യാത്രാക്ളേശം പരിഹരിക്കാൻ

ജനകീയ സദസ് 13ന്

മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാനായി 13ന് രാവിലെ പത്തിന് ആലുവ സിവിൽ സ്റ്റേഷനിൽ അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനകീയ സദസ് നടക്കും. വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും മോട്ടോർ തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുക്കും. ഗതാഗത സൗകര്യങ്ങളില്ലാത്തിടത്ത് പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകളും സമർപ്പിക്കാം. പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യും. യോഗത്തിൽ മുഴുവൻ സംഘടന ഭാരവാഹികളും പങ്കെടുക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ കെ.എസ്. ബിനേഷ് അറിയിച്ചു.

ബൈപ്പാസിലെ പുതിയ ക്രമീകരണം പറവൂർ കവലയിലെ ഗതാഗത നിയന്ത്രണം വിജയകരമായതിന് പിന്നാലെ ഇനി കുരുക്കഴിക്കേണ്ടത് തോട്ടക്കാട്ടുകരയിൽ മണപ്പുറം റോഡിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് തോട്ടക്കാട്ടുകരയിൽ ഫ്രീ ലെഫ്റ്റ് സൗകര്യം ഒരുക്കണം ദേശീയപാതയുടെ സമാന്തര റോഡിന് ഇവിടെ ഭൂമി ഏറ്റെടുത്തെങ്കിലും നിർമ്മാണം ആരംഭിക്കാത്തത് തിരിച്ചടി.

ബൈപ്പാസിലെ ഗതാഗതകുരുക്കിന് വലിയതോതിൽ കുറവുണ്ട്. പുതിയ ക്രമീകരണം വിജയകരമാണ്.

കെ.എസ്. ബിനീഷ്

ജോയിന്റ് ആർ.ടി.ഒ

ആലുവ