കൊച്ചി: നഗരത്തോട് ചേർന്ന പ്രകൃതിസുന്ദരമായ കടമക്കുടി ദ്വീപിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. 11 വരെ നീളുന്ന മേളയിൽ പ്രശസ്‌തമായ സിനിമകൾ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാഡമി, കടമക്കുടി ഗ്രാമപഞ്ചായത്ത്, ജി.വി.എച്ച്.എസ്.എസ് ഫിലിം ക്ളബ് എന്നിവയുടെ സഹകരണത്തോടെ കടമക്കുടി ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.
ഗ്രാമകം എന്ന മേളയിൽ ഇന്ന് വൈകിട്ട് ലിജോ ജോസ് പെല്ലിശേഷി സംവിധാനം ചെയ്ത ഈ.മ.യൗ, വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ എന്നിവ പ്രദർശിപ്പിക്കും. നാളെ (ശനി) രാവിലെ 10ന് കടമക്കുടി ജി.വി.എച്ച്.എസ്.എസിൽ മണിപ്പൂരിലെ എം.പിയും ചലച്ചിത്രകാരനുമായ ഡോ. ബിമൊൽ ആകോയ്‌ജം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി., കെ.എൻ. ഉണ്ണിക്കൃഷ്‌ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളക്‌ടർ എൻ.എസ്.കെ. ഉമേഷ്, നടൻ വിനയ് ഫോർട്ട് തുടങ്ങിയവർ പങ്കെടുക്കും.
ഡോ. ബിമൊൽ സംവിധാനം ചെയ്ത സിനിമ, ജോഷി ജോസഫ് സംവിധാനം ചെയ്ത ഡോക്യുമെന്ററി മണിപ്പൂർ മൊസൈക്ക് എന്നിവ പ്രദർശിപ്പിക്കും. ഇറാനിയർ സിനിമ ചിൽഡ്രൺ ഒഫ് ഹെവൻ, ആദം, റഷ്യൻ സനിമ ദ മിറർ എന്നിവ പ്രദർശിപ്പിക്കും. ആട്ടം സിനിമാപ്രവർത്തകരുമായി സംവാദവും സംഘടിപ്പിക്കും.
സമാപനദിവസമായ 11ന് ഒറ്റാൽ (സംവിധാനം: ജയരാജ്), മോഡേൺ ടൈംസ് (ചാർളി ചാപ്ളിൻ), പി.കെ. (രാജ്കുമാർ ഹിരാനി), ലൈഫ് ഈസ് ബ്യൂട്ടിഫുൾ (റോബെർതോ ബെനീഞ്ഞി) എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
പ്രദർശന സിനിമകൾ
ഇന്ന്
ഈ.മ.യൗ
വിസാരണൈ
നാളെ
മണിപ്പൂർ മൊസൈക്ക്
ചിൽഡ്രൺ ഒഫ് ഹെവൻ
ദ മിറർ
11ന്
ഒറ്റാൽ
മോഡേൺ ടൈംസ്
പി.കെ.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ