കൊച്ചി: സ്വതന്ത്ര്യദിനം, ഓണം എന്നിവ പ്രമാണിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിലേറെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും 10 രൂപ അധികവിലയായി നൽകുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.
ഈമാസം 11 മുതൽ സെപ്തംബർ 30 വരെയാണ് പ്രോത്സാഹന വില നൽകുക. സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് ഇതിൽ നിന്ന് ലിറ്ററിന് അഞ്ച് രൂപ വീതം ലഭിക്കും. നാല് രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ സംഘത്തിന്റെ ചെലവുകൾക്ക് ഉപയോഗിക്കാം. ഒരു രൂപ മേഖലാ യൂണിയന്റെ ഓഹരിയായി സംഘങ്ങൾക്ക് വകയിരുത്തും.
സംഭരണമേഖലയിൽ 14 കോടി രൂപയുടെ പദ്ധതികൾ നടപ്പു സാമ്പത്തികവർഷം നടപ്പാക്കും.
ക്ഷീരമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആനന്ദ് മാതൃക സംഘങ്ങളുടെ സെക്രട്ടറി, പ്രസിഡന്റുമാർ എന്നിവരുടെ ജില്ലാതലയോഗങ്ങൾ വിളിക്കും. മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗം സെപ്തംബർ 28ന് പെരുമ്പാവൂർ ടൗൺ ഹാളിൽ ചേരുമെന്നും ചെയർമാൻ അറിയിച്ചു.