കൊച്ചി: ദേശീയപാത ഫ്ലൈഓവർ നിർമ്മാണം നടക്കുന്ന അരൂർ- തുറവൂർ ഭാഗത്ത് മരണകാരണമായ ഒട്ടേറെ അപകടങ്ങളുണ്ടായെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കുത്തിയതോട് ഇൻസ്പെക്ടർ കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. പണി നടക്കുന്നിടത്ത് ഗതാഗത നിയന്ത്രണത്തിന് എല്ലാ നടപടിയുമെടുക്കുമെന്നും നിർമ്മാണത്തിന്റെ അവശിഷ്ടങ്ങളും രാസദ്രാവകങ്ങളും നീക്കംചെയ്യാൻ ബന്ധപ്പെട്ട ഏജൻസികളോട് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു.
റോഡ് നിർമ്മാണ അലൈൻമെന്റിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ വിശദീകരണം നൽകാൻ കോടതി ദേശീയപാത അതോറിറ്റിയോട് നിർദ്ദേശിച്ചു. ഗതാഗത ആസൂത്രണഗവേഷണ സ്ഥാപനമായ നാറ്റ്പാക്കിനെ കേസിൽ കക്ഷിചേർക്കുകയും ചെയ്തു. നിർമ്മാണ മേഖലയിൽ സർവീസ് റോഡുകളും കാനകളും കാര്യക്ഷമമാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എഴുപുന്ന സൗത്ത് സ്വദേശി ലിജിൻ നൽകിയ ഹർജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.