കൊച്ചി: നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾ കടന്നുപോകുന്ന ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം മറിഞ്ഞ് മതിലിൽ ചാരി നിൽക്കുകയാണ്. അടിവാരം തകർന്ന മതിൽ ഏതു നിമിഷവും ഇടിഞ്ഞ് തിരക്കേറിയ റോഡിലേക്ക് വീഴാം. കൊച്ചി കോർപ്പറേഷനും വിദ്യാഭ്യാസ വകുപ്പ് അധികൃതരും കണ്ടമട്ടില്ല.
ദേവൻകുളങ്ങര ജംഗ്ഷനിലെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (പഴയ ബി.ടി.എസ്.) തെക്കുഭാഗത്തെ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ഓടിട്ട കെട്ടിടമാണ് ജൂലായ് 25ന് കനത്ത മഴയിൽ തകർന്നു വീണത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ബി.ടി.എസ്. റോഡിലൂടെ കടന്നു പോയ സ്കൂട്ടർ യാത്രികന്റെ തലയിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടം വീണെങ്കിലും ഹെൽമറ്റുണ്ടായതിനാൽ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യേണ്ടി വന്നില്ല.
15 ദിവസമായി ചാരി നിൽക്കുന്നു
കെട്ടിടത്തിന്റെ തെക്കേ ഭിത്തി മുഴുവൻ പത്തടി ഉയരമുള്ള മതിലിൽ ചാരി നിൽക്കാൻ തുടങ്ങിയിട്ട് കൃത്യം 15 ദിവസമായി. സമീപത്തെ കച്ചവടക്കാർ വലിച്ചുകെട്ടിയ ഒരു കയറാണ് ആകെയുള്ള മുന്നറിയിപ്പ്. സംഭവം നടന്ന അന്നുമുതൽ കെട്ടിടം പൊളിച്ചു നീക്കാൻ ടി.ടി.ഐ അധികൃതരും സമീപവാസികളും വ്യാപാരികളും കൊച്ചി കോർപ്പറേഷനിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ഫയർ ഫോഴ്സിലും ദുരന്ത നിവാരണ അതോറിട്ടിയിലും വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
കൊച്ചിൻ കോർപ്പറേഷന്റെ അധീനതയിലാണ് ടി.ടി.ഐ 35-ാം ഡിവിഷൻ കൗൺസലർ പയസ് ജോസഫും കെട്ടിടം പൊളിച്ചുനീക്കാൻ പണിയെടുക്കുന്നുണ്ട്. കോർപ്പറേഷൻ ഇടപ്പള്ളി മേഖലാ ഓഫീസിന്റെ ചുമതലയാണ് കെട്ടിടം പൊളിക്കേണ്ടതും.
തടസം ഫിറ്റ്നസ്
രണ്ട് പതിറ്റാണ്ടായി വെറുതേകിടന്ന മനോഹരമായ കെട്ടിടമാണ് തകർന്നു വീണത്. പൊളിഞ്ഞ കെട്ടിടം അൺഫിറ്റാണെന്ന് സ്ഥിരീകരിച്ചാലേ പൊളിച്ചുനീക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കൊച്ചി കോർപ്പറേഷൻ അധികൃതരാണ്. ഇന്നലെ വൈകിട്ട് സർട്ടിഫിക്കറ്റ് കോർപ്പറേഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട് . പൊളിച്ചുനീക്കേണ്ട ചുമതലയും കോർപ്പറേഷനാണ്.
ഒരു വർഷമായി കെട്ടിടം പൊളിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അനുമതിയായിട്ടുണ്ട്. ഉടൻ കോർപ്പറേഷൻ ഫണ്ട് കരാറുകാരന് കൈമാറും. അപകടാവസ്ഥയിലുള്ള മരങ്ങളും മുറിച്ചുമാറ്റും.
പയസ് ജോസഫ്
കൗൺസിലർ
എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടാകുമോയെന്ന ഭയത്തിലായിരുന്നു. കോർപ്പറേഷൻ ഉടൻ കെട്ടിടം പൊളിച്ചുനീക്കുമെന്നാണ് പ്രതീക്ഷ.
ടി.ശ്രീകല
പ്രിൻസിപ്പൽ
ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.