ആലുവ: കാനകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആലുവ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ ഹോട്ടലുകൾ, ആശുപത്രികൾ, ലോഡ്ജുകൾ എന്നിവയിൽ നിന്നാണ് പ്രധാനമായും കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതെന്ന് വിഷയം അവതരിപ്പിച്ച കേരള കോൺഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതി അംഗം പ്രിൻസ് വെള്ളറയ്ക്കൽ ആരോപിച്ചു.

പരാതി ലഭിക്കാൻ കാത്തു നിൽക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ വിഭാഗം പരിശോധനകൾ നടത്തമെന്നും യോഗം ആവശ്യപ്പെട്ടു. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ ഇരിപ്പിട പ്രശ്‌നത്തിന് 16ന് പരിഹാരമാകുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

പെരുമ്പാവൂർ കെ.എസ്ആർ.ടി.സി, സ്വകാര്യ ബസ് റൂട്ടുകളിലെ റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും യോഗത്തിൽ ചർച്ചയായി. റോഡ് റീ ടാറിംഗ് ചെയ്യാൻ 3.2 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റോഡ് പണി ഉടൻ ആരംഭിക്കും. കർക്കിടക വാവിന് ആലുവ മണപ്പുറത്തെ ക്ഷേത്ര മുറ്റത്തു നിന്ന് ചെളി നീക്കം ചെയ്യാത്തത് ദേവസ്വം ബോർഡിന്റെ വീഴ്ചയായി വിമർശനം ഉയർന്നു. ചുണങ്ങംവേലിയിൽ വിദ്യാലയത്തിന് സമീപം ആരംഭിച്ച മദ്യശാല മാറ്റുക, ആലുവ നഗരത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, ജില്ലാ ആശുപത്രിയിൽ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.

ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വികസന സമിതി അംഗങ്ങളായ പ്രിൻസ് വെള്ളറയ്ക്കൽ, മുരളി പുത്തൻവേലി, ആന്റണി മാഞ്ഞൂരാൻ, പി.എ. കൊച്ചു മീതിയൻ, എം.കെ. അലി, ചാക്കോ മാർഷൽ. പി.എം. റഷീദ്, കെ.എം. നാസർ, കെ.എം.എ. ജലീൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു