കൊച്ചി: തമ്മനം- പുല്ലേപ്പടി റോഡിന്റെ വിവിധ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച കേരളകൗമുദി വാർത്തയ്ക്ക് മണിക്കൂറുകൾക്കകം പരിഹാരമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ കോർപ്പറേഷൻ അടിയന്തരമായി താത്കാലിക അറ്റകുറ്റപ്പണി നടത്തി. തുടർന്ന് ഇവിടത്തെ ടാറിംഗ് പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതോടെ റോഡിൽ വൻഗതാഗതക്കുരുക്ക് പതിവായിരുന്നു. ഇതോടെ എം.ജി റോഡിനെയും ദേശീയപാത ബൈപ്പാസിനെയും ബന്ധിപ്പിക്കുന്ന റോഡിൽ യാത്രക്കാർ ഏറെനേരം കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു. മുമ്പ് മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞയിടങ്ങളിൽ അടിയന്തരമായി കുഴിയടയ്ക്കൽ നടത്തിയ സ്ഥലങ്ങളിൽത്തന്നെയായിരുന്നു തകർന്നത്. ജനകീയ പ്രതിഷേധങ്ങൾ പലകുറി നടന്നതിനെത്തുടർന്ന് കാരണക്കോടത്ത് തകർന്നുകിടന്ന ഭാഗം നേരത്തെ ഇന്റർലോക്ക് കട്ടവിരിച്ചിരുന്നു.
ഇന്നലെ ടാർ ചെയ്ത സ്ഥലങ്ങൾ
* സ്റ്റേഡിയം ലിങ്ക് റോഡ് ആരംഭിക്കുന്ന ഭാഗം
* ലിങ്ക് റോഡിന് തൊട്ടുമുന്നേയുള്ള കനാലിന് സമീപം
* കാരണക്കോടം ജംഗ്ഷനിൽ ടാറിംഗ് ആരംഭിക്കുന്ന ഭാഗം
* കാരണക്കോടം കനാലിനു സമീപം
അവശേഷിക്കുന്നത്
* പുല്ലേപ്പടി പാലത്തിലെ പല ഭാഗങ്ങളിലും
* പുല്ലപ്പടി പാലത്തിനു സമീപത്തു നിന്ന് ഇടറോഡുകളിലേക്ക് പ്രവേശിപ്പിക്കുന്നയിടം
* ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന നന്ദാനത്ത് കൊച്ചാക്കോ റോഡിന്റെ ആരംഭഭാഗം
നിയന്ത്രണംകൂടി കൃത്യമാക്കണം
പുല്ലേപ്പടിയിൽനിന്ന് സ്റ്റേഡിയംലിങ്ക് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചതും ഗതാഗതക്രുകുക്കിന് കാരണമായിരുന്നു. ഇതിനു കൃത്യമായ പരിഹാരംകൂടി കണ്ടെത്തിയാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ഇനിയെല്ലാം പി.ഡബ്ല്യു.ഡി
കൊച്ചി കോർപ്പറേഷന്റെ കീഴിലായിരുന്ന തമ്മനം- പുല്ലേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന് മാസങ്ങൾക്കുമുമ്പ് കൈമാറിയെന്നും ഇനിയുള്ള അറ്റകുറ്റപ്പണികൾ പി.ഡബ്ല്യു.ഡി ചെയ്യണമെന്നുമാണ് കോർപ്പറേഷന്റെ നിലപാട്. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് നേരത്തെ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.