കോലഞ്ചേരി: കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിയ അടിമാലി സ്വദേശിയായ യുവാവ് നടത്തിയ പരാക്രമം പുത്തൻകുരിശ് പൊലീസിനെ മണിക്കൂറുകളോളം മുൾമുനയിലാക്കി. അക്രമസക്തനായി വടവുകോട് വയലുമ്പാട് വരെ ഓടിയ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വടയമ്പാടി ചോയിക്കരമുഗൾ കോളനിയിലെ അമൽ ശിവന് (25) കുത്തേറ്റു.

ആശുപത്രിക്ക് സമീപത്തെ ആപ്പിൾ കടയിൽ നിന്നെടുത്ത കത്തി ഉപയോഗിച്ച് യുവാവ് കുത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഗർഭിണിയായ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഇയാൾ പരാതി നൽകാനെന്ന വ്യാജേന കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ യുവാവിന്റെ വീട്ടുകാരെ വിവരമറിയിച്ചതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. കഴിഞ്ഞ ദിവസം വീണ്ടും ഊന്നുകൽ സ്റ്റേഷൻ പരിധിയിൽ അക്രമാസമക്തനായ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. ബന്ധുക്കൾ എത്തിയതോടെ അവരോടൊപ്പം വിട്ടയച്ചു.

ഭാര്യയെയും കുഞ്ഞിനെയും കാണാൻ വീണ്ടും ആശുപത്രിയിലെത്തിയ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് വാശിപിടിച്ചതോടെ ബന്ധുക്കൾ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ കയറുന്നതിന് മുമ്പേ അക്രമാസക്തനായ യുവാവ് അമലിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമലിനെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു. യുവാവിനെ പുത്തൻകുരിശ് പൊലീസ് കോലഞ്ചേരി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.