പറവൂർ: വ്യവസായ വകുപ്പിൽ നിന്ന് ചെറുകിട വ്യവസായ യൂണിറ്റിന്റെ മറവിൽ തട്ടാംപടി ഷാപ്പുപടിയിൽ പാടശേഖരത്തിൽ പ്രവർത്തിക്കുന്ന വയലോരം ഹോട്ടലിന്റെ എം.എസ്.എം.ഇ ലൈസൻസ് റദ്ദ് ചെയ്തു. അനധികൃതമായി പാടശേഖരം നികത്തിയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതോടെ ജില്ലാ കളക്ടർ കൺവീനറായ കമ്മിറ്റിയാണ് കെ. സ്വിഫ്റ്റ് വഴി ലഭിച്ച ഹോട്ടലിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. അനധികൃതമായി നികത്തിയ നിലം മുപ്പത് ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കണമെന്ന് കഴിഞ്ഞ 26ന് കളക്ടർ ഉത്തരവിട്ടിരുന്നു. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം അനധികൃതമാണെന്നും, ബി.ടി.ആർ, ഡേറ്റ ബാങ്ക് എന്നിവയിൽ നിലമാണെന്നും കൃഷി ഓഫീസറുടേയും, വില്ലേജ് ഓഫീസറുടേയും അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശികളുടെ പേരിലുള്ള 4.25 ആർ സ്ഥലത്താണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇതിൽ അഞ്ച് സെന്റ് കെ.എൽ.യു ഉത്തരവ് പ്രകാരം പുരയിടമായി തരം മാറ്റിയിട്ടുണ്ട്. കെ സ്വിഫ്റ്റ് ലൈസൻസിനായി അപേക്ഷിക്കുമ്പോൾ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ വസ്തു ഉടമ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചത്. രേഖകളിൽ നിലമായി കിടക്കുന്ന ഭൂമി പുരയിടമെന്ന് തെറ്റായി വിവരം നൽകിയിട്ടുണ്ടെന്ന് വ്യക്തമായാൽ ഭൂഉടമക്കും,കൂട്ടുനിന്ന അക്ഷയ കേന്ദ്രത്തിനുമെതിരെ നടപടിക്ക് സാദ്ധ്യതയുണ്ട്. ലൈസൻസ് റദ്ദ് ചെയ്തുള്ള ഉത്തരവ് ലഭിച്ചാൽ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു.