road

മൂവാറ്റുപുഴ: കിഴക്കേക്കര ആശ്രമംകുന്ന് ചാലിക്കടവ് പാലം റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി. റോഡിൽ വലിയ ഗട്ടറുകൾ രൂപപ്പെട്ടതോടെ വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതത്തിലായിരുന്നു. സ്കൂളുകൾ തുറന്നതോടെ ഇതുവഴിയുള്ള കുട്ടികളുടെ യാത്രയും ദുഷ്കരമായതോടെ മാത്യു കുഴൽനാടൻ എം.എൽ.എ ഇടപെട്ടാണ് മെയിന്റനൻസ് വർക്കുകൾ കഴിഞ്ഞ രാത്രിയോടെ പൂർത്തീകരിച്ചത്. 2022 - 23 സാമ്പത്തികവർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ എം.എൽ.എ നിർദ്ദേശം നൽകി നിർമ്മാണ അനുമതി വാങ്ങിയ റോഡാണ് ഇത്. ബഡ്ജറ്റ് വർക്കിന്റെ അഡ്മിനിസ്ട്രേറ്റീവ് അനുമതിയും ടെക്നിക്കൽ അനുമതിയും ലഭിച്ചിരുന്നു. റോഡിന്റെ ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡ് കേരള വാട്ടർ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ് . വാട്ടർ അതോറിറ്റിയുടെ പണികൾ നീണ്ടുപോയ സാഹചര്യത്തിൽ റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെയാണ് മാത്യു കുഴൽനാടൻ എം.എൽ.എ നേരിട്ട് എത്തി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ മേൽനോട്ടം നൽകിയത്.