ആലുവ: കുണ്ടും കുഴിയുമായി കിടക്കുന്ന പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരിയിൽ നാട്ടുകാരും സ്വകാര്യ ബസ് റൂട്ടിലെ ചൂണ്ടിയിൽ പി.ഡബ്ല്യു.ഡിയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. കാൽനടയാത്ര പോലും സാധിക്കാത്ത വിധം തകർന്ന് തരിപ്പണമായി കിടക്കുകയാണ് ചാലക്കൽ - കുട്ടമശേരി ഭാഗം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മഴ മാറിയാൽ റീ ടാറിംഗ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പി.ഡബ്ല്യു.ഡി വാക്ക് പാലിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തിയത്. രാജു കണിയാട്ട്, മുസ്തഫ, മജീദ്, സലാം പാലക്കൽ, അലിയാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം. റോഡ് പണി വൈകാൻ കാരണമായ ജലജീവൻ മിഷൻ പദ്ധതി ഇപ്പോഴും ഇവിടെ പൂർത്തിയായിട്ടുമില്ല.
ചൂണ്ടിയിൽ റോഡിലെ കുഴിയെ തുടർന്ന് കടുത്ത ഗതാഗതക്കുരുക്കാണ്. പെരുമ്പാവൂരിൽ നിന്നും കിഴക്കമ്പലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചൂണ്ടിയിലാണ് സംഗമിക്കുന്നത്. വാഹനത്തിരക്കും കുഴികളുമെല്ലാം കടുത്ത ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി' വാർത്ത നൽകിയതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി അറ്റകുറ്റപ്പണി നടത്തിയത്.