പറവൂർ: പുതിയ ദേശീയപാത 66ന്റെ നിർമ്മാണം നടക്കുന്ന മേഖലയിൽ പഴയ റോഡിലെ കുഴിയടക്കാൻ മണ്ണും ചളിയും നിക്ഷേപിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കച്ചവട സ്ഥാപനങ്ങൾ തുറക്കുവാൻ പോലും കഴിയുന്നില്ല. വിദ്യാർത്ഥികളടക്കമുള്ള കാൽ നടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കണ്ണും മൂക്കും പൊത്തിയും മാസ്ക് ധരിച്ചുമാണ് പലരും നടക്കുന്നത്. മാസങ്ങളായി മൂത്തകുന്നം മുതൽ വരാപ്പുുഴ വരെയുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ദുരിത പാതയാണ്. നാട്ടുകാർ മുറവിളി കൂട്ടുമ്പോൾ അധികൃതർ ഇടയ്ക്കിടെ മണ്ണും ചളിയും ചേർന്ന മിശ്രിതം കൊണ്ടുവന്നിടും. വെയിലായാൽ ഇത് ഉണങ്ങി വ്യാപകമായി പൊടി പരക്കുകയാണ്. പരാതി കേൾക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പറവൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ അശാസ്ത്രീയമായ കുഴിയടക്കൽ മൂലം ഉണ്ടാകുന്ന പൊടിശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പറവൂർ നിയോജകമണ്ഡലം യൂത്ത്‌വിംഗ് ഭാരവാഹികൾ ദേശീയപാത അധികൃതർക്ക് പരാതി നൽകി.