adivasi

കുറുപ്പംപടി: ജില്ലയിലെ ഏക ഗിരിവർഗ കോളനിയായ പൊങ്ങൻചുവടിന്റെ സമഗ്ര വികസനത്തിന്‌ വിശദമായ പദ്ധതി തയ്യാറാക്കി തുക അനുവദിപ്പിക്കാൻ സംസ്ഥാന സർക്കാരിനെ സമീപിക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന ഈ കോളനിയിൽ 120 കുടുംബങ്ങൾ ആണ് ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോളനിയിലെ വിവിധ പ്രദേശങ്ങൾ ബുധനാഴ്ച സന്ദർശിച്ചിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോളനി നിവാസികൾ കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റിനെ നേരിൽ കണ്ട് പരാതി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കോളനിയിൽ എത്തിയത്.

കാട്ടനശല്യത്തെ നേരിടാനും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും 150 ദിവസം വീതം തൊഴിൽ നൽകുന്നതിനും സർക്കാരിന് നിവേദനം നൽകുമെന്ന് ബ്ലോക്ക് പ്രസിഡന്റ്‌ അറിയിച്ചു. കോളനിക്കാവശ്യമായ റോഡുകൾ അടക്കമുള്ള മറ്റ് വിഷയങ്ങളും സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അംബിക മുരളീധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ്,​ അംഗങ്ങളായ പി.ആർ നാരായണൻ നായർ, എം.കെ രാജേഷ്, ഷോജ റോയി, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ്, ശോഭന വിജയകുമാർ, ഷീബ ചാക്കപ്പൻ, ആൻസി ജോബി, വിനു സാഗർ, ജിനു ബിനു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.