പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സുഭാഷ് മൈതാനി നവീകരിക്കുന്നതിനും തനിമ നിലനിർത്തി പൊതു പരിപാടികൾ ഉൾപ്പെടെ നടത്തും വിധം സജ്ജീകരിക്കുന്നതിനുമായി രണ്ടുകോടി രൂപ ഈ സാമ്പത്തിക വർഷം വിനിയോഗിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സുഭാഷ് മൈതാനി സന്ദർശിക്കുകയും പ്രാരംഭ നടപടികളിലേക്ക് കടക്കുകയും ചെയ്തു. എറണാകുളം പി.ഡബ്ല്യു.ഡി റീജിയണൽ ആൻഡ് ക്വാളിറ്റി കൺട്രോൾ വിംഗ് എൻജിനീയർ ഇ.ആർ. നിഷാമോൾ, ഓവർസിയർ അശ്വിൻ കൃഷ്ണൻ,​ ബിൽഡിംഗ്സ് വിഭാഗം എൻജിനിയർ എം.കെ. ജസിയ, ഓവർസിയർ ഐ.എസ്. അനു എന്നിവർ മൈതാനിയുടെ ടോപ്പോഗ്രാഫിക്കൽ സർവേ നടത്തി. സംസ്ഥാനത്തെ സീനിയർ ആർക്കിടെക്ട് ബാലമുരുകനാണ് ഗ്രൗണ്ട് ഡിസൈൻ ചെയ്യുന്നത്.

ഗ്രൗണ്ടിലെ സ്റ്റേജും ബാത്ത്റൂമുകളും ഉൾപ്പെടെയുള്ളവ സാമൂഹ്യവിരുദ്ധർ കൈയടക്കി മലിനമാക്കുകയും മയക്കുമരുന്ന് വിപണന ഇടമായി മാറ്റുകയും ചെയ്തത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും പുതിയ സംവിധാനങ്ങൾ വരുന്നതോടെ ഈ സ്ഥിതി മാറുമെന്നും എം.എൽ.എ പറഞ്ഞു .വൈകുന്നേരങ്ങളിൽ ആളുകൾക്ക് വന്നിരിക്കാനും ലഘു വ്യായാമങ്ങൾ നടത്താനും ഒപ്പം വലിയ പരിപാടികൾ സംഘടിപ്പിക്കാനും ഉതകുന്ന രീതിയിൽ ഡിസൈൻ ചെയ്യുവാനാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകിയിരിക്കുന്നത് .