കൊച്ചി: രാജ്യത്ത് നിലവിൽ വന്ന ഭാരതീയ ന്യായ് സംഹിതയിൽ ഭേദഗതികൾ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാർലമെന്റ് അംഗങ്ങൾക്ക് നിവേദനം നൽകി. പാർലമെന്റിൽ വിശദമായ ചർച്ചകൾ കൂടാതെ നടപ്പാക്കിയതിനാൽ ആരോഗ്യ മേഖലയെ ദോഷകരമായി ബാധിക്കുന്ന വകുപ്പുകൾ കടന്നുകൂടിയെന്ന് സംഘടന ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ 1897ലെ നിയമം ഭേദഗതി ചെയ്ത് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി പുതിയ ബില്ല് കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുകയും ബില്ലിന്റെ കരട് പൊതുജനാഭിപ്രായത്തിനായി നൽകുകയും ചെയ്തിരുന്നെങ്കിലും ഭാരതീയ ന്യായ് സംഹിതയിൽ അത് ഉൾപ്പെട്ടില്ല.
ബി.എൻ.എസിന്റെ സെക്ഷൻ 26 പ്രകാരം ഡോക്ടർമാർക്ക് ഭയരഹിതമായി ചികിത്സ സാദ്ധ്യമാണ്. എന്നാൽ ഇതിനു വിപരീതമാണ് സെക്ഷൻ 106.1. ഇത് പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഏതുസമയത്തും ദുരുപയോഗം ചെയ്യാൻ സാധിക്കുന്ന വകുപ്പാണിത്.
ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ജോർജ് തുകലൻ, ട്രഷറർ ഡോ. സച്ചിൻ സുരേഷ് എന്നിവർ സംസാരിച്ചു.