മൂവാറ്റുപുഴ: വയനാട് ദുരിത ബാധിതർക്ക് ഒരു കൈത്താങ്ങ് സഹായമേകാൻ സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയും വഴിയോര തട്ടുകട കച്ചവട യൂണിയനും ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടത്തിയ മെഗാ തട്ടുകടയിൽ തിരക്കോട് തിരക്ക്. ഭക്ഷണത്തിനൊപ്പം വയനാടിന് കൈത്താങ്ങാകും എന്ന് കരുതി നൂറുകണക്കിനാളുകളാണ് തട്ടുകടയിലേക്ക് ഒഴുകിയെത്തിയത്. ഇടിയപ്പം, അപ്പം, പത്തിരി, ചപ്പാത്തി, പൊറോട്ട, ദോശ, കപ്പ, ബീഫ് കറി, മുട്ടക്കറി, മീൻ കറി, കടലക്കറി, വെജിറ്റബിൾ കറി, ഓംലറ്റ്, ചായ, കാപ്പി എന്നിങ്ങനെ ഒരു തട്ടുകടയിൽ ഉണ്ടാകാറുള്ള മിക്ക വിഭവങ്ങളും ഇവിടെ ഒരുക്കിയിരുന്നു. നഗരത്തിലെ തട്ടുകട നടത്തിപ്പുകാരും ജോലിക്കാരും സി.ഐ.ടി.യു നേതാക്കളും തൊഴിലാളികളുമായിരുന്നു ഭക്ഷണം തയ്യാറാക്കിയതും വിളമ്പിയതും. ഭക്ഷണം കഴിച്ച് മടങ്ങുന്നവർക്ക് ഇഷ്ടമുള്ള തുക സഹായനിധി പെട്ടിയിൽ നിക്ഷേപിയ്ക്കുവാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. പകൽ രണ്ടിന് മെഗാ തട്ടുകട പ്രവർത്തനം തുടങ്ങി രാത്രി 12 വരെ പ്രവർത്തിച്ചു.
ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് സംഘാടകർ പറഞ്ഞു. സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി.കെ .സോമൻ, ഏരിയ പ്രസിഡന്റ് എം.എ. സഹീർ, എം.ആർ. പ്രഭാകരൻ, വഴിയോര തട്ടുകട യൂണിയൻ സെക്രട്ടറി കെ.സി. ബിജു മോൻ, പ്രസിഡന്റ് ഒ.എസ്. ഷാഹുൽഹമീദ്, ബിനീഷ് വിജയൻ, വി.എം. അഫ്സൽ എന്നിവർ നേതൃത്വം നൽകി.