കൊച്ചി: കാക്കനാട് ചിറ്റേത്തുകരയിലെ സെസിനു സമീപമുള്ള ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം.

സമീപകമ്പനികളിലെ തൊഴിലാളികളാണ് പുക ഉയരുന്നത് ആദ്യംകണ്ടത്.

നാളുകളായി പ്രവർത്തിക്കാതെ കിടക്കുന്ന കമ്പനിയുടെ ഒരു ഓഫീസ് മാത്രമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. വാഹനങ്ങളുടെ സീറ്റുകൾ നിർമ്മിക്കുന്ന കമ്പനിയിലെ റെക്‌സിനിലും സ്‌പോഞ്ചുകളിലും തീ ആളിക്കത്തുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ട്. കെട്ടിടത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ ആളപായമില്ല.

തൃക്കാക്കര, തൃപ്പൂണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ഏലൂർ ഡിവിഷനുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമികനിഗമനം.