oanm

കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഓണക്കാലത്തെ വിലക്കയറ്റം തടയാൻ കുടുംബശ്രീയും സപ്ലൈക്കോയും ഓണം ഫെയറുകൾ തുടങ്ങും. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ഫെയറുകളുണ്ടാകും. സപ്ലൈകോയുടെ വിപണന മേളകളിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കും. മറ്റ് സംഘടനകളുടെ നേതൃത്വത്തിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഫെയറുകൾ നടക്കും. പായസം. പച്ചക്കറി, പലചരക്ക് തുടങ്ങി വിവിധ മേളകൾക്ക് ഒരുക്കങ്ങൾ നടക്കുന്നുണ്ട്. കേറ്ററിംഗ് സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഓ‌ർഡറുകളെടുത്തുതുടങ്ങും.

സപ്ലൈകോ

ജില്ലയിൽ ഒരു ജില്ലാ ഫെയറും ഔട്‌ലെറ്റുകൾ കേന്ദ്രീകരിച്ചുള്ള ഓണം ഫെയറുകളുമാണ് സപ്ലൈകോ നടത്തുക. ഇതിന്റെ പ്രാഥമിക യോഗങ്ങൾ പുരോഗമിക്കുന്നു. മറൈൻഡ്രൈവിലോ കലൂ‌ർ സ്റ്റേഡിയത്തിലോ ജില്ലാതല മേള സംഘടിപ്പിക്കും. ശബരി മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നീ ഉത്പന്നങ്ങൾ ഓണം ഫെയറിലുണ്ട്.

കഴിഞ്ഞ വ‌ർഷം 250 കോടിയുടെ സാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിച്ചത്. ഓണത്തിന് ഒരാഴ്ച മുമ്പ് ഫെയറുകൾ ആരംഭിക്കാനാണ് നീക്കം.

ആഘോഷമാക്കാൻ കുടുംബശ്രീ

ഓണവിപണി ലക്ഷ്യമിട്ട് സ്വന്തം ബ്രാൻഡിൽ ഉപ്പേരിയും ശർക്കര വരട്ടിയും മറ്റ് ഉത്പന്നങ്ങളുമായി കുടുംബശ്രീ ഓണം ഫെയറുകൾ നടത്തും. ഓരോ സി.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഫെയറുകൾ. പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ട് ഫെയറുകളും നഗരസഭ കേന്ദ്രീകരിച്ച് നാലും കോർപ്പറേഷൻ പരിധിയിൽ 10 ഫെയറുകളും നടത്താനാണ് കുടുംബശ്രീ ജില്ലാ മിഷൻ തീരുമാനം. ജില്ലയിലെ 102 സി.ഡി.എസുകളിൽ നിന്നായി 1000ൽ അധികം സ്ത്രീകളാണ് ഫെയറുകളിൽ പങ്കാളികളാകുക. കുടുംബശ്രീ ബ്രാൻഡിലാണ് വില്പനയ്ക്കെത്തിക്കുക. ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ ഫെയറുകൾ തുടങ്ങാനാണ് കുടുംബശ്രീയുടെയും ലക്ഷ്യം.

ഇവ ലഭിക്കും

ഉപ്പേരി, ശർക്കരവരട്ടി എന്നിവയ്ക്ക് പുറമേ കുടുംബശ്രീ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്ന മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഗരം മസാല, സാമ്പാർ പൊടി, ഫിഷ് മസാല, ഗോതമ്പുപൊടി, സ്റ്റീമ്ഡ് അരിപ്പൊടി, പുട്ടുപൊടി, ഭക്ഷണ ഉത്പന്നങ്ങൾ എന്നിവയും കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും മേളകളിലുണ്ടാവും.

സപ്ലൈക്കോ

ഒരു ജില്ലാ ഫെയർ

ഔട്ട്‌ലെറ്റുകളിലും

കഴിഞ്ഞ വർഷം 250 കോടിയുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു.

കുടുംബശ്രീ

പഞ്ചായത്ത് രണ്ട്

നഗരസഭ 4

കോർപ്പറേഷൻ 10