കൊച്ചി: ആന്തരികശക്തി തിരിച്ചറിച്ചറിയുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്‌ത് ബിസിനസിലും ജീവിതത്തിലും വിജയം കൈവരിക്കാമെന്ന സന്ദേശം പകർന്ന് വെൻബിസ്‌കോൺ 2024 സമാപിച്ചു. വിമൻ ഓൺട്രപ്രണേഴ്‌സ് നെറ്റ്‌വർക്ക് (വെൻ) സംഘടിപ്പിച്ച സമ്മേളനത്തിൽ 700ലേറെ വനിതാസംരംഭകർ പങ്കെടുത്തു.
പ്രഭാഷണങ്ങളും പാനൽചർച്ചകളുമായി ഒരുദിവസം നീണ്ട സമ്മേളനം വനിതാ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തു. മാക്‌സ് ഫൗണ്ടേഷൻ സൗത്ത് ഏഷ്യ മേഖലാ മേധാവിയും സിനിമാനടിയുമായ വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്തു. പരിമിതമായ സാഹചര്യങ്ങളും സ്രോതസുകളും ഉപയോഗിച്ച് മുത്തുച്ചിപ്പി മുത്തുണ്ടാക്കുന്നതുപോലെ നേടുന്നതാണ് വിജയം. ഓരോരുത്തരും സ്വന്തംശക്തി തിരിച്ചറിഞ്ഞാൽ വിജയം കൈവരിക്കാമെന്ന് അവർ പറഞ്ഞു. ഷീല കൊച്ചൗസേപ്പ് അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും ബിസിനസ് തന്ത്രജ്ഞനും പോസിറ്റീവ് റെവല്യൂഷൻ സഹസ്ഥാപകനുമായ പോൾ റോബിൻസൺ, യൂട്യൂബറും അവതാരകയും നടിയും പേളി പ്രൊഡക്ഷൻ സഹസ്ഥാപകയുമായ പേളി മാണി, നാച്വറൽ സലൂൺ ആൻഡ് സ്പാ സഹസ്ഥാപകനും സി.എം.ഡിയുമായ സി.കെ. കുമാരവേൽ, അംബിക പിള്ളൈ സ്ഥാപക അംബിക പിള്ള, ആർത ഫിനാൻഷ്യൽ സർവീസസ് സ്ഥാപക ഉത്തര രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി.
പ്യുർ ലിവിംഗ് സ്ഥാപക ലക്ഷ്മി എൻ. മേനോൻ, ഷോപ്പി സഹസ്ഥാപക നികിത ശങ്കർ, ഫെമിസെയ്ഫ് സഹസ്ഥാപക നൗറീൻ ആയിഷ, ഇഴ കൺസർവേഷൻആർക്കിടെക്ട്‌സ് സഹസ്ഥാപക സ്വാതി സുബ്രഹ്മണ്യൻ, ഹിപ്‌സ്‌വേ സഹസ്ഥാപകയും നടിയുമായ അപർണ ബാലമുരളി, വെൻ ഫൗണ്ടേഷൻ പ്രസിഡന്റ് ദിവിയ തോമസ്, സെക്രട്ടറി ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ എന്നിവർ പാനൽചർച്ചയിൽ പങ്കെടുത്തു. പി.ബി മുരിക്കൻ ആൻഡ് അസോസിയേറ്റ്‌സ് സ്ഥാപക പുഷ്പി മുരിക്കൻ മോഡറേറ്ററായി.