photo

വൈപ്പിൻ: ഗോശ്രീ കവലയിലെ ഏറെ തിരക്കേറിയ റോഡിൽ മീൻ വില്പന നടത്തുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. ഗോശ്രീ പാലം കയറുന്നിടത്താണ് മീൻ വില്പന. ടൂ വീലറുകളിലും കാറുകളിലുമിരുന്നാണ് ഇടപാടുകാർ കച്ചവടക്കാരിൽ നിന്ന് മീൻ വാങ്ങുന്നത്. വൈപ്പിൻ എറണാകുളം ഗോശ്രീ റൂട്ടിൽ ഏറ്റവും വാഹനത്തിരക്കേറിയ സ്ഥലമാണിത്. റോഡിലെ മീൻ വിൽപന തടയണമെന്ന് പൊതുപ്രവർത്തകരും സംഘടനകളും പലപ്രാവശ്യവും പരാതിപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവർ നിസംഗത പാലിക്കുകയാണ്.
റോഡിന്റെ തെക്കുവശത്താണ് മീൻ വില്പനയെങ്കിൽ വടക്ക് വശത്ത് ലോട്ടറി വില്പന, ചായക്കട, മറ്റ് ചെറുകിട വ്യാപാരങ്ങളടക്കം നിരവധി പെട്ടിക്കടകളും ഉണ്ട്. ഈ കടക്കൾക്ക് മുന്നിലും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ തടിച്ചുകൂടുന്നതും പതിവാണ്. ഇതോടെ ഇവിടെ വലിയ വാഹനക്കുരുക്കാണ് സൃഷ്ടിക്കപ്പെടുന്നത്. വൈകുന്നേരങ്ങളിലാണ് ഗതാഗത പ്രശ്‌നം രൂക്ഷമാകുക. മുളവുകാട് പൊലീസും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും ഇക്കാര്യത്തിൽ ഇടപെട്ട് റോഡിലെ കച്ചവടങ്ങൾ നിർത്തലാക്കണമെന്ന് യാത്രക്കാരും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.