പ്രതിയെ രണ്ട് മണിക്കൂറിൽ പൊലീസ് പിടികൂടി
അർദ്ധരാത്രി കാടുവെട്ടിത്തെളിച്ച് താക്കോൽക്കൂട്ടം കണ്ടെടുത്തു
കൊച്ചി: സുരക്ഷാ ജീവനക്കാരനെ തള്ളിയിട്ട് എറണാകുളം ശിവ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെയും മറ്റും താക്കോൽക്കൂട്ടവുമായി കൊലക്കേസ് പ്രതി സ്ഥലംവിട്ടു. പുലർച്ചെ നടതുറപ്പ് മുതലുള്ള ക്ഷേത്രാചാരങ്ങൾ മുടങ്ങുമോയെന്ന ദേവസ്വം ബോർഡിന്റെയും ക്ഷേത്രം ജീവനക്കാരുടെയും ആശങ്ക രണ്ട് മണിക്കൂറിൽ പരിഹരിച്ച് എറണാകുളം സെൻട്രൽ പൊലീസ്. അരയും തലയും മുറുക്കി ഇറങ്ങിയ പൊലീസ് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ വലിച്ചെറിഞ്ഞു കളഞ്ഞ താക്കോൽക്കൂട്ടം തപ്പി പൊലീസും ജീവനക്കാരും വശംകെട്ടു. കെ.എസ്.ആർ.ടി.സി. ഗാരേജിന് സമീപത്തെ കാടുംപടലും അർദ്ധരാത്രി വെട്ടിത്തെളിച്ചാണ് ഒടുവിൽ കണ്ടെത്തിയത്. അർദ്ധരാത്രിയോടെ പൊലീസ് താക്കോൽക്കൂട്ടം കൈമാറിയതോടെ സസ്പെൻസിന് അവസാനമായി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ആലപ്പുഴ അരൂർ മഞ്ഞന്ത്ര വീട്ടിൽ മുരുകൻ (39) ആണ് അറസ്റ്റിലായത്. ശിവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ കവാടം രാത്രി 8.45ന് പൂട്ടുന്നതിനിടെയായിരുന്നു കവർച്ച. ക്ഷേത്രപരിസരത്ത് കറങ്ങിനടന്ന പ്രതി തക്കംനോക്കി സുരക്ഷാ ജീവനക്കാരനെ തള്ളിയിട്ട് താക്കോൽക്കൂട്ടവുമായി ഓടിമറയുകയായിരുന്നു. കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നതിനാൽ സുരക്ഷാ ജീവനക്കാരന് പ്രതിയെ പിന്തുടർന്ന് പിടികൂടാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് അഞ്ച് മിനിട്ടിനകം എറണാകുളം സെൻട്രൽ പൊലീസെത്തി സുരക്ഷാ ജീവനക്കാരനിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
രണ്ട് മണിക്കൂറിൽ പ്രതിയെയും താക്കോലും കണ്ടെത്തി
1. സി.സി.ടി.വി നോക്കി ആളെ തിരിച്ചറിഞ്ഞു
ക്ഷേത്രത്തിലെ സി.സി.ടിവി ദൃശ്യമാണ് അന്വേഷണ സംഘത്തിന് ഗുണംചെയ്തത്. ദൃശ്യത്തിലുള്ള പ്രതിയുടെ രൂപസാദൃശ്യമുള്ള കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവയെല്ലാം സുരക്ഷാ ജീവനക്കാരനെ കാണിച്ച് ഇതിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയാണ് ആദ്യംചെയ്തത്.
2. യാത്രാമാർഗ്ഗം കണ്ടെത്തി
ഓട്ടോ റിക്ഷയിൽ കയറി രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ക്ഷേത്ര പരിസരത്തെ എല്ലാ ഓട്ടോറിക്ഷാ സ്റ്റാൻഡിലും പൊലീസെത്തി. ഈ അന്വേഷണമാണ് പൊലീസിനെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചത്.
3. സി.ബി.ഐ മോഡൽ ചോദ്യം ചെയ്യൽ
പത്തുമണിയോടെ പ്രതി വലയിലായെങ്കിലും കവർച്ച നടത്തിയിട്ടില്ലെന്നും താക്കോൽക്കൂട്ടം കൈയിൽ ഇല്ലെന്നുമുള്ള മൊഴിയിൽ പ്രതി ഉറച്ചുനിന്നു. തൊണ്ടിമുതൽ വീണ്ടെടുപ്പ് പ്രതിസന്ധിയിലായി. സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തതോടെ വരുന്നവഴിക്ക് ഉപേക്ഷിച്ചെന്ന് സമ്മതിച്ചു. എന്നാൽ എവിടെയെന്ന് പറയാൻ തയ്യാറായില്ല. പൊലീസ് 'സി.ബി.ഐ മോഡലിലേക്ക് 'ചോദ്യംചെയ്യൽ രീതി മാറ്റി. തുടർന്ന് കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപത്തെ കാട്ടിലേക്ക് താക്കോൽ എറിഞ്ഞെന്ന് വെളിപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തിൽ കാടും പടലും വെട്ടിത്തെളിച്ച് താക്കോൽക്കൂട്ടം കണ്ടെത്തി. മുൻപ് ഒരു കൊലക്കേസിൽ പ്രതിയാണ് പിടിയിലായ മുരുകൻ.