കൊച്ചി: നഗരപരിധിയിലെ കുടിവെള്ള വിതരണചുമതലയിൽ നിന്ന് വാട്ടർ അതോറിറ്റിയെ ഒഴിവാക്കി ലോകബാങ്ക് നിർദ്ദേശപ്രകാരം വിദേശ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി പ്രക്ഷോഭത്തിലേക്ക്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ 12ന് ഫോർട്ടുകൊച്ചിയിൽ നിന്ന് എളമക്കരയിലേക്ക് പ്രചരണ ജാഥയും 18ന് അച്യുതമേനോൻ ഹാളിൽ കൺവെൻഷനും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരപരിധിയിൽ കുടിവെള്ളം വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും വാട്ടർ അതോറിറ്റിയുടെ സ്വത്തുവകകളും 1.46ലക്ഷം ഉപഭോക്താക്കളേയും 10വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് നീക്കം. ഇതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ അറിവോടെയുള്ള അഴിമതിയാണെന്നും കൊച്ചി കോർപ്പറേഷൻ കുടിവെള്ള സംരക്ഷണ സമിതി ആരോപിച്ചു. 18ന് ഉച്ചക്ക് 2ന് നടക്കുന്ന കൺവെൻഷൻ പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, എം.എൽ.പി.ഐ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ കുടിവെള്ള സംരക്ഷണ സമിതി ചെയർമാൻ രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി അഡ്വ.ടി.ബി. മിനി, വൈസ് ചെയർമാൻ കുരുവിള മാത്യു, ട്രഷറർ പുരുഷൻ ഏലൂർ, സെക്രട്ടറിമാരായ കെ.എം. പീറ്റർ, ഷിബു ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.